കളമശേരി: അനുവദിക്കപ്പെട്ട സമയത്തു പോളിംഗ് ബൂത്തിലെത്തിയ കൊവിഡ് ബാധിതരായ രണ്ടുപേരെ വോട്ടു ചെയ്യിക്കാൻ അനുവദിക്കാതെ റോഡിൽ നിർത്തിയതിനെതിരെ പ്രതിഷേധം. കളമശേരി മണ്ഡലത്തിലെ ഒന്നാം നമ്പർ ബൂത്തായ മാട്ടുപുറം അങ്കണവാടിയിലാണു സംഭവം. വൈകിട്ടു 6മുതൽ 7 വരെയാണു കൊവിഡ് രോഗികൾക്കു വോട്ടു ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്ന സമയം. ബൂത്തിൽ അനുഭവപ്പെട്ട തിരക്കിനെ തുടർന്ന് തിരക്കൊഴിയുമ്പോൾ കൊവിഡ് രോഗികളെ എത്തിച്ചാൽ മതിയോ എന്ന് ബന്ധുക്കൾ മുൻകൂട്ടി ഓഫീസറോട് തിരക്കിയിരുന്നു. എന്നാൽ 6.30 നു എങ്കിലും എത്തിയില്ലെങ്കിൽ വോട്ട് ചെയ്യാനാകില്ലെന്ന് പ്രിസൈഡിങ് ഓഫീസർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഓഫീസറുടെ നിർദേശപ്രകാരം 6.30നു പോളിങ് ബൂത്തിലെത്തിയ ഇവരെ അകത്തു കയറാൻ സമ്മതിക്കാതെ വഴിയിൽ നിർത്തി . വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ സംഭവ സ്ഥലത്തെത്തുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പൊലീസെത്തിയാണു പ്രശ്നം പരിഹരിച്ചത്.