വൈപ്പിൻ: ബീച്ചുകളിൽ തീരസംരക്ഷണത്തിനായി വച്ചുപിടിപ്പിച്ചിട്ടുള്ള കാറ്റാടി മരങ്ങൾ വ്യാപകമായി നശിക്കുന്നു. കടൽക്ഷോഭത്തിൽ കടപുഴകിയും ശക്തമായ കാറ്റിൽപ്പെട്ട് ഒടിഞ്ഞുവീണുമാണ് മരങ്ങൾ നശിക്കുന്നത്. ചിലയിടങ്ങളിൽ സാമൂഹികവിരുദ്ധർ വെട്ടി നശിപ്പിക്കുന്നതായും പരാതിയുണ്ട്.
ചെറായി രക്തേശ്വരി ബീച്ച് മുതൽ തെക്കാേട്ട് ചാത്തങ്ങാട് ബീച്ചുവരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ കാറ്റാടി മരങ്ങളാണ് ഇത്തരത്തിൽ നശിച്ചിട്ടുള്ളത്. ഇളക്കമുള്ള മണൽ ബലമുള്ള വേരുകൾ കൊണ്ട് പിടിച്ചുനിർത്തിയാണ് ഈ മരങ്ങൾ കടൽക്ഷോഭത്തിൽനിന്ന് തീരത്തെ സംരക്ഷിക്കുന്നത്. അതിനാൽ മരങ്ങൾ നശിക്കുന്നത് തീരമിടിയാൻ കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
ബീച്ചിൽ വരുന്ന വിനോദസഞ്ചാരികൾക്ക് തണൽ ഒരുക്കുന്നതും ഈ മരങ്ങളാണ്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിലെ തീരങ്ങളിൽ വർഷങ്ങൾക്കു മുമ്പ് സാമൂഹ്യവനവത്കരണ പരിപാടിയുടെ ഭാഗമായാണ് വനംവകുപ്പ് കാറ്റാടി മരങ്ങൾ വച്ചുപിടിപ്പിച്ചത്. കന്നുകാലികൾ തിന്നും മറ്റു കാരണങ്ങളാലും ഒട്ടേറെ കാറ്റാടി മരങ്ങൾ നേരത്തെ നശിച്ചിരുന്നു. വെെപ്പിൻ തീരത്തെ ചില പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ ഇത്തരം മരങ്ങൾ ഉള്ളത്. പള്ളത്താംകുളങ്ങര, കുളുപ്പിള്ളി പോലെയുള്ള ബീച്ചുകളുടെ ആകർഷണവും ഈ കാറ്റാടി മരങ്ങളാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള മരങ്ങൾ സംരക്ഷിക്കാനും പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കാനും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.