വൈപ്പിൻ: അമിതവേഗത്തിൽ പായുന്ന ബൈക്കുകൾ സംസ്ഥാനപാതയിൽ അപകടഭീഷണി ഉയർത്തുന്നു. ബൈക്കുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളില്ലാതെ ഒരുദിവസം പോലുമില്ലാത്ത സ്ഥിതിയായി. അടുത്തിടെ ടാറിംഗ് നടത്തിയതോടെ സംസ്ഥാനപാത പലയിടത്തും മികച്ച സ്ഥിതിയിലാണ്. അതോടെ ബൈക്കുകളുടെ അമിതവേഗവും വർദ്ധിച്ചു. പൊലീസ് പരിശോധന ഇല്ലാത്തതിനാൽ ഹെൽമെറ്റ് ധരിക്കാതെയും ലഹരിയുടെ ഉന്മാദത്തിലുമാണ് ചെറുപ്പക്കാർ ബൈക്കുമായി റോഡിലിറങ്ങുന്നതെന്നാണ് പരാതി.
ഉയർന്ന എൻജിൻ ശേഷിയുള്ള ബൈക്കുകളാണ് കൗമാരക്കാർ ഉപയോഗിക്കുന്നവയിൽ ഭൂരിഭാഗവും. പലപ്പോഴും റോഡ് മുറിച്ച് കടക്കുന്നവർ അപകടത്തിൽ പെടുന്നതും പതിവാണ്. ദിനംപ്രതി വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനപാതയിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.