covid-

കൊച്ചി: മാസ്കില്ല, സാമൂഹിക അകലമില്ല. എന്തിന് കൊവിഡ് വൈറസിനെപ്പോലും മറന്നു. ഇങ്ങിനെ തിരഞ്ഞെടുപ്പ് ആഘോഷം കെങ്കേമമാക്കിയതിന്റെ റിസൾട്ട് വന്നു തുടങ്ങി. ജില്ലയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം അഞ്ചൂറിനോട് അടുത്തെത്തി. ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ 283 മൂന്ന് രോഗബാധിതരിൽ നിന്നാണ് ഈ ഉയർച്ച. ഒരുഘട്ടത്തിൽ 1000ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ജില്ലയിൽ കഠിന പരിശ്രമത്തിലൂടെയാണ് ജില്ലാ ഭരണകൂടം രോഗബാധിതരുടെ എണ്ണം താഴേക്ക് എത്തിച്ചത്. തിരഞ്ഞെടുപ്പിനടക്കം കൊവിഡ് പ്രോട്ടോക്കാൾ പാലിക്കാത്തതിന്റെ ഭവിഷ്യത്താണിതെന്ന് ഐ.എം.എ അടക്കം ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരുടെ എണ്ണം പിടിവിട്ട് മേലേക്ക് ഉയരുന്നതിന്റെ ആശങ്ക ഐ.എം.എ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം ബ്രേക്ക് ദി ചെയിനടക്കം നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ.

 നിർണായകം

ഈ രണ്ടാഴ്ച

മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചാൽ 90ശതമാനം വൈറസ് ബാധ ഒഴിവാക്കാനാകുമെന്നാണ് പഠനം. എന്നാൽ ആളും ആരവവും നിറഞ്ഞ ഈ തിരഞ്ഞെടുപ്പുകാലം സമൂഹത്തിന് മാതൃകയാകേണ്ട നേതാക്കൾ പോലും കൃത്യമായി കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചിരുന്നില്ല. പൊതുവേ നിയന്ത്രണങ്ങൾ അയഞ്ഞ ഈ ഘട്ടത്തിൽ രോഗബാധ എത്രത്തോളം ബാധിക്കുമെന്നറിയാൻ രണ്ടാഴ്ച വേണം. വരുന്ന 14ദിവസം ജില്ലയ്ക്ക് നിർണായകമാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അതേസമയം ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള കൊവിഡ് മുന്നണിപ്പോരാളികൾ വാക്സിനെടുത്തതിലൂടെ പ്രതിസന്ധിയെ ഒരു പരിധിവരെ നേരിടാനാകുമെന്നാണ് വിലയിരുത്തൽ.

 കുത്തിവയ്പ്പ് കൂട്ടും

കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിനേഷൻ ഉയർത്തുകയാണ് ജില്ലാഭരണകൂടം ലക്ഷ്യമിടുന്നത്. 15ദിവസത്തിനുള്ളിൽ 45വയസ് പൂർത്തിയായ എല്ലാവർക്കും കുത്തിവയ്പ്പെടുക്കാനുള്ള കർമ്മ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മാസ് വാക്സിനേഷൻ. നിലവിൽ പ്രതിദിനം 18,000 പേർക്കാണ് വാക്സിൻ നൽകുന്നത്. ഇത് 25,000ന് മുകളിലാക്കും. പെസഹാ വ്യാഴം മുതൽ തിരഞ്ഞെടുപ്പ് ദിവസം വരെ വാക്സിനേഷന്റെ എണ്ണം പ്രതീക്ഷിച്ചതിലും താഴേക്ക് പോയി. ഇതു മറികടക്കാനാണ് ജില്ലാ ഭരണകൂടം വാക്സിനേഷൻ കർമ്മപദ്ധതി ആസൂത്രണം ചെയ്തത്. ഇന്നലെ ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും യോഗം വിളിച്ചിരുന്നു.

 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇവരിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമേ പിന്നീട് രോഗബാധയുണ്ടായുള്ളൂ. ഇതു വാക്സിന് ഫലപ്രദമാണെന്നതിന്റെ സൂചനയാണ്. നിലവിൽ വാക്സിനേഷൻ കൂട്ടുകയാണ് ചെയ്യേണ്ടത്. സർക്കാരിനെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. ഐ.എം.എയും സംസ്ഥാന വ്യാപകമായി വാക്സിനേഷന് സജ്ജമാണ്. കൊച്ചിയിലടക്കം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. രോഗബാധിതർ കൂടുന്നതിലും ആശങ്കയുണ്ട്.

പി.ഗോപികുമാർ

സംസ്ഥാന സെക്രട്ടി

ഐ.എം.എ

 വാക്സിനേഷൻ ഉയർത്താനുള്ള കർമ്മ പദ്ധതി തുടങ്ങും. 45കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകി സമ്പൂർ വാക്സിനേഷൻ ജില്ലയായി എറണാകുളത്തെ ഉയർത്തുകയാണ് ലക്ഷ്യം

എം.കെ കുട്ടപ്പൻ

ഡി.എം.ഒ

എറണാകുളം

ദിവസം - രോഗികൾ

ചൊവ്വ - 487

തിങ്കൾ -316

ഞായർ -368

ശനി-268

വെള്ളി-278

വ്യാഴം-327

ബുധൻ-283