കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനിടെ പ്രധാന ചികിത്സാകേന്ദ്രങ്ങളിലൊന്നായ കലൂർ പി.വി.എസ് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നു. നിലവിൽ ഇവിടെ ചികിത്സയിലുള്ള 38 കൊവിഡ് രോഗികളെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കൊവിഡ് അപെക്‌സ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന പി.വി.എസ് പത്തു ദിവസത്തിനുള്ളിൽ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് കൈമാറാനാണ് തീരുമാനം.

കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് രണ്ടു വർഷം മുമ്പാണ് പി.വി.എസിന്റെ ഉടമകൾ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചത്. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ജില്ലാ ഭരണകൂടം ആശുപത്രി ഏറ്റെടുത്തു. പഴയ ബ്ളോക്കും പരിസരവും അണുനശീകരണം നടത്തി വൃത്തിയാക്കി. ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി .

 ആദ്യം പരിശീലനകേന്ദ്രമായി

ഡോക്ടർമാർക്കും നേഴ്‌സുമാർക്കും ഉള്ള കൊവിഡ് ഐ.സി.യു പരിശീലന പദ്ധതി പി.വി.എസിലാണ് നടത്തിയത്. 16 ബാച്ചുകളാണ് പരിശീലനം നേടിയത്. ആറു ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരുമാണ് ഓരോ ബാച്ചിലുമുണ്ടായിരുന്നത്. എല്ലാ ബാച്ചുകൾക്കും ഏഴു ദിവസത്തെ പരിശീലനം നൽകി. സെപ്തംബർ മുതൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഇതിനായി 80 കിടക്കകൾ സജ്ജമാക്കി. 1012 കൊവിഡ് രോഗികളെ ഇതുവരെ ഇവിടെ ചികിത്സിച്ചതായി കൊവിഡ് കേന്ദ്രത്തിന്റെ ചുമതലക്കാരനായ ഡോ.ഹനീഷ് പറഞ്ഞു.

 കോടികളുടെ സ്വത്ത്

രണ്ടേക്കർ 22 സെന്റ് സ്ഥലത്ത് മൂന്നുലക്ഷം ചതുരശ്ര അടിയിലേറെ വിസ്തീർണം വരുന്ന രണ്ട് ആശുപത്രി കെട്ടിടങ്ങളും ആധുനിക ചികിത്സാസൗകര്യങ്ങളും ഫ്‌ളാറ്റും വാഹനങ്ങളും ഉൾപ്പെടുന്ന എറണാകുളം പി.വി.എസ് നോർത്തിലെ ലിസി ആശുപത്രിയാണ് വിലയ്ക്ക് വാങ്ങിയിരിക്കുന്നത്. പി.വി.എസ് നഷ്‌ടപ്പെടുന്നതിന് പകരം കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആലുവ ജില്ല ആശുപത്രിയിൽ നൂറ് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 പഴയ കല്പക ടൂറിസ്റ്റ് ഹോം

സിനിമാക്കാരുടെ ഇഷ്ട കേന്ദ്രമായിരുന്ന കല്പക ടൂറിസ്റ്റ്ഹോമാണ് കാൽ നൂറ്റാണ്ട് മുമ്പ് പി.വി.എസ്. ആശുപത്രിയായി പരിണമിച്ചത്. ഉദരരോഗങ്ങൾക്കും വൃക്കരോഗങ്ങൾക്കുമുള്ള ചികിത്സയുടെ പേരിൽ പേരുകേട്ട ചികിത്സാലയമായി. മുന്നിൽ പുതിയ ബ്ളോക്കും പണികഴിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ സമരവും ആശുപത്രിയെ പൂട്ടലിലേക്ക് നയിക്കുകയായിരുന്നു.