കോലഞ്ചേരി: കൊവിഡ് കാലത്ത് അതിരൂക്ഷമായ പ്രതിസന്ധിയാണ് പപ്പടവിപണിക്കുണ്ടായത്. ഇനി ആകെ പ്രതീക്ഷ വിഷു വിപണിയാണ്. സദ്യകളിൽ രുചിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പപ്പടങ്ങൾ ഉണ്ടാക്കുന്ന പരമ്പരാഗത വ്യവസായമേഖല ഇന്ന് അത്രയേറെ പ്രതിസന്ധിയിലാണ്. പലരും തൊഴിൽ മതിയാക്കി മറ്റു മേഖലകൾ തേടുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും പ്രതിസന്ധിക്ക് കാരണമായി. ഉഴുന്ന്, പപ്പടക്കാരം, എണ്ണ എന്നിവയുടെ വിലകൂടി. അയൽ സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഉഴുന്ന് ആവശ്യത്തിന് കിട്ടുന്നില്ല. യന്ത്റങ്ങളുപയോഗിച്ച് നിർമിച്ച് പായ്ക്കുചെയ്ത പപ്പടങ്ങളുടെ കടന്നുവരവും ഈ മേഖലയെ ദോഷകരമായി ബാധിച്ചു. പരമ്പരാഗത രീതിയിൽ വെയിലത്തുവെച്ചാണ് പപ്പടം ഉണക്കുന്നത്. മഴക്കാലത്ത് വെയിലിൽ പപ്പടം ഉണക്കിയെടുക്കുന്ന ചെറുകിടക്കാരുടെ ദുരിതം ഇരട്ടിയായിരുന്നു. ജോലിഭാരവും തൊഴിലാളികളുടെ കുറവും നിലനിൽക്കെ കുഴയ്ക്കാനും പരത്താനും ഇപ്പോൾ യന്ത്റമുണ്ട്. എന്നാൽ, അതോടെ പപ്പടത്തിന്റെ ഗുണവും രുചിയും കൈമോശം വന്നതായി പരമ്പരാഗത നിർമ്മാണതൊഴിലാളിയായ പട്ടിമറ്റത്തെ സുധാകരൻ പറയുന്നു. ജീവിത ശൈലീ രോഗങ്ങളും പപ്പട വില്പനയെ പിറകോട്ട് നയിച്ചിട്ടുണ്ട്. ഉപ്പും,ഉഴുന്നുമുള്ളതിനാൽ ഡോക്ടർമാർ തന്നെ പപ്പടം കഴിക്കുന്നത് നിയന്ത്റിക്കാറുണ്ട്. ഇതിനൊക്കെ പുറമെ, വിവാഹങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളിലുമുണ്ടായ കുറവ് നിർമ്മാണത്തെ സാരമായി ബാധിച്ചു. വിപണിയിൽ ഇന്ന് പപ്പടവ്യവസായം കടുത്ത മത്സരം നേരിടുന്നുണ്ട്. പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പപ്പടം വിലക്കുറവിൽ കച്ചവടക്കാർക്ക് ലഭിക്കുന്നുണ്ട്. അത് വിറ്റാൽ നല്ല ലാഭം ലഭിക്കുമെന്നതാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്. ചെറിയ പപ്പടം, വലിയ പപ്പടം, ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം,കുരുമുളക് പപ്പടം, ഗുരുവായൂർ പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്.