a
മാലിന്യം നിറഞ്ഞു കിടക്കുന്ന പെരിയാർവാലി കനാൽ അണ്ടർ ടാങ്ക് .

കുറുപ്പംപടി: പെരുമ്പാവൂർ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്ന പെരിയാർവാലിയുടെ അണ്ടർ ടാങ്കിൽ മാലിന്യക്കൂമ്പാരം. കീഴില്ലം കുറിച്ചിലക്കോട് റോഡിൽ തട്ടാംപുറംപടി പമ്പിന് സമീപത്താണ് കനാൽറോഡിന് അടിയിലൂടെ പോകുന്നത്. മെയിൻ കനാലിൽനിന്ന് സബ് കനാലയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഈ ഭാഗത്ത് വരുമ്പോൾ അണ്ടർടാങ്കിൽ നിറഞ്ഞ് റോഡിന് അടിയിലൂടെ മറുവശത്തേക്ക് കടന്നുപോകുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ടാങ്കിൽ വന്നടിയുകയും ക്രമേണ ഇവ ജീർണിച്ച് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഇതുമൂലം സമീപത്തുകൂടി ആളുകൾക്ക് നടന്നുപോകുവാൻപോലും പറ്റാത്തത്ര അവസ്ഥയാണ്.

 പകർച്ചവ്യാധിക്ക് ഇടയാക്കാവുന്ന മലിനീകരണം

ഇത്രയേറെ മാലിന്യങ്ങൾ വഹിച്ചുകൊണ്ടുള്ള വെള്ളമാണ് താഴെയുള്ള പതിനായിരക്കണക്കിന് ആളുകൾ കുളിക്കാനും അലക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, അറവുമാലിന്യങ്ങൾ, ചത്തഎലി, അടുക്കള വേസ്റ്റുകൾ തുടങ്ങിയ കനാലിലേക്ക് വലിച്ചെറിയുന്നത്. അതെല്ലാം അവിടെക്കിടന്ന് ജീർണിച്ച് പകർച്ച വ്യാധികൾക്ക് വരെ കാരണമായിത്തീരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. മുൻകാലങ്ങളിൽ കനാൽ വാച്ചറുടെ നേതൃത്വത്തിൽ ഇവിടെ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള യാതൊരുവിധ നടപടികളുമുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

 സി.സി ടിവി കാമറ സ്ഥാപിക്കണം

മാലിന്യങ്ങൾ കനാലിലൂടെ ഒഴുകിയെത്തുന്നത് തടയുവാനുംഇവിടെ കെട്ടിക്കിടക്കാതെ നീക്കം ചെയ്യുന്നതിന് വേണ്ട സ്ഥിരം സംവിധാനം ഉണ്ടാക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മാലിന്യങ്ങൾ കനാലിൽ വലിച്ചെറിയുന്നവർക്കെതിരെ ജാഗ്രതാ നിർദ്ദേശങ്ങൾ വച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കണം. ഇത്തരക്കാരെ തിരിച്ചറിയുന്നതിനു വേണ്ടി സി.സി ടിവി കാമറകളുംമറ്റും സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി അവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണം.