കൊച്ചി: തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം കെട്ടടങ്ങിയതിന് പിന്നാലെ ജില്ലയിലെ 32598 വിദ്യാർത്ഥികൾ ഇന്ന് (വ്യാഴാഴ്ച) എസ്.എസ്.എൽ.സി പരീക്ഷയെഴുതും. 52 ക്ലസ്റ്ററുകളിലായി 319 കേന്ദ്രങ്ങളാണുള്ളത്. പതിവുപോലെ ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. 551 പേർ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ മൂവാറ്റുപുഴ ശിവൻകുന്ന് ഗവ. ഹൈസ്‌കൂളിലാണ്. നാല് പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വർഷം 55 ക്ലസ്റ്ററുകളിലായി 327 കേന്ദ്രങ്ങളിൽ 31724 കുട്ടികൾ പരീക്ഷയെഴുതി.
# ആലുവ മുന്നിൽ
ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് :12401 പേർ
ഏറ്റവും കുറവ് വിദ്യാർത്ഥികൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ: 3482 പേർ
എറണാകുളം വിദ്യാഭ്യാസ ജില്ല: 11261
കോതമംഗലം: 5454
# വോട്ടെടുപ്പ് കേന്ദ്രങ്ങൾ
അണുവിമുക്തമാക്കി
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ഓരോ കേന്ദ്രങ്ങളിലും താപനില പരിശോധിക്കാൻ തെർമൽ സ്കാനിംഗ് സംവിധാനമുണ്ടാകും. സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കിപ്പിച്ച ശേഷമാകും കുട്ടികളെ പരീക്ഷ ഹാളിലേക്ക് കടത്തി വിടുക. വോട്ടെടുപ്പ് കേന്ദ്രങ്ങളായിരുന്ന സ്കൂളുകൾ ഉൾപ്പടെ അണുവിമുക്തമാക്കിയിട്ടുണ്ട്. ശുചീകരണത്തിൽ അഗ്‌നിശമന സേനയുടെ സഹകരണവുമുണ്ടായിരുന്നു.
# സഹായം ആവശ്യമെങ്കിൽ
സ്കൂളുകളെ സമീപിക്കുക
കൊവിഡ് ബാധിതരായ വിദ്യാർത്ഥികളാരും പരീക്ഷയെഴുതാൻ സഹായംതേടി ഇതുവരെ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടില്ല. കൊവിഡ്ബാധിതർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പരീക്ഷയെഴുതാൻ സ്‌കൂളുകളിൽ പ്രത്യേക സൗകര്യമുണ്ടായിരിക്കും.
ഹണി. ജി .അലക്‌സാണ്ടർ
ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
# ആദ്യം ഒന്നാംഭാഷ
ഒന്നാംഭാഷ പാർട്ട് ഒന്ന് (മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം, അറബി) ആണ് വ്യാഴാഴ്ചത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.40ന് തുടങ്ങുന്ന പരീക്ഷ 3.30ന് അവസാനിക്കും. വെള്ളിയാഴ്ച ഹിന്ദി/ജനറൽ നോളഡ്ജ് ആണ് പരീക്ഷ. ഉച്ചയ്ക്ക് 2.40ന് തുടങ്ങി 4.30ന് കഴിയും. 12ന് ഉച്ചയ്ക്ക് 1.40ന് ആരംഭിക്കുന്ന ഇംഗ്ലീഷ് പരീക്ഷ 4.30ന് സമാപിക്കും. ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം പരീക്ഷകൾക്ക് ഒരു മണിക്കൂർ അധിക സമയം അനുവദിച്ചിട്ടുണ്ട്. 19, 21, 28, 29 തീയതികളിൽ രാവിലെ 9.40നാണ് പരീക്ഷയാരംഭിക്കുന്നത്.