
തീരുമാനം ഒാംബുഡ്സ്‌മാന്റെ വിമർശനത്തെ തുടർന്ന്
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന് ബംഗളൂരുവിലെ ഭക്തനും സ്വർണ വ്യാപാരിയുമായ ഗാനശ്രാവൺ വാഗ്ദാനം ചെയ്ത 526 കോടിയുടെ ക്ഷേത്രനഗരി വികസന പദ്ധതിയിൽ നിന്ന് പിന്മാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. സാമ്പത്തിക കാര്യങ്ങൾ ഗാനശ്രാവണും തുടർ നടപടികൾ ബോർഡും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ഒാംബുഡ്സ്‌മാൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ ബോർഡ് ഹർജി സമർപ്പിക്കും.
പദ്ധതി വിശദാംശങ്ങൾ സമർപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ നൽകാനും ഗാനശ്രാവൺ വിമുഖത കാട്ടുന്നെന്ന് ബോർഡ് പറയുന്നു. ഇതു ലഭ്യമാക്കിയാൽ തുടർ നടപടികൾക്ക് തയ്യാറാണെന്നും ഹൈക്കോടതിയെ അറിയിക്കും. ഓംബുഡ്സ്മാന് വിവരങ്ങൾ നൽകാനാകാത്തത് ഗാനശ്രാവണിന്റെ നിസഹകരണം മൂലമാണെന്ന് ബോർഡ് യോഗം വിലയിരുത്തി.
ഇരുകൂട്ടരുടെയും അനാസ്ഥമൂലം 526 കോടിയുടെ പദ്ധതി തടസപ്പെടുന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് ഒാംബുഡ്‌സ്‌മാൻ ജസ്റ്റിസ് പി.ആർ.രാമന്റെ റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രവികസനത്തിന് തയ്യാറായി 2020 മാർച്ചിലാണ് സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവൺ ദേവസ്വം ബോർഡിനെ സമീപിച്ചത്. മാസങ്ങളോളം തീരുമാനമുണ്ടായില്ല. പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം വിളിച്ച ശേഷമാണ് ധാരണാപത്രത്തിന് അനുമതി തേടി ഓംബുഡ്സ്‌മാന് അപേക്ഷ നൽകിയത്. ബ്രിട്ടനിലും ബിസിനസുണ്ടെന്നും അവിടെ നിന്ന് നിയമവിധേയമായാണ് പണം എത്തിക്കുന്നതെന്നും ഇതിനു ബോർഡുമായി ധാരണാപത്രം വേണമെന്നും വ്യക്തമാക്കി ഗാനശ്രാവണും ഓംബുഡ്സ്മാന് കത്ത് നൽകിയിരുന്നു.
മദ്ധ്യവേനലവധിക്ക് ശേഷമാകും ബോർഡിന്റെ ഹർജിയും ഓംബുഡ്സ്മാന്റെ അപേക്ഷയും ദേവസ്വം ബെഞ്ച് പരിഗണിക്കുക.
ഗാനശ്രാവണിനെതിരെ
റിപ്പോർട്ടിൽ പറയുന്നത്
• പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങൾ വിശദമാക്കുന്നില്ല. ഗാനശ്രാവൺ എം.ഡിയായ മുന്നാങ്കി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയുടെ വിശദാംശങ്ങളും നൽകിയില്ല
• 2020ൽ രജിസ്റ്റർ ചെയ്ത കമ്പനിയായതിനാൽ ബാലൻസ്ഷീറ്റും അക്കൗണ്ട് രേഖകളും ഇല്ലെന്നാണ് വിശദീകരണം
• സാമ്പത്തിക വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. തുടർ സിറ്റിംഗിന് ഹാജരായില്ല, അഭിഭാഷകനെയും വച്ചില്ല
ബോർഡിനെതിരായ വിമർശനം
• വാഗ്ദാനത്തെക്കുറിച്ച് പഠനം നടത്താതെ ധാരണാപത്രത്തിന് അനുമതിക്കായി ഓംബുഡ്സ്മാനെ സമീപിച്ചു
• പദ്ധതി നടപ്പാക്കുന്ന മുന്നാങ്കി ഇൻഫ്രാസ്ട്രക്ചർ കമ്പനിയെക്കുറിച്ചോ ഗാനശ്രാവണെക്കുറിച്ചോ ബോർഡിന് ധാരണയില്ല
• ഗാനശ്രാവണെതിരെ അഡ്വ.പി.എസ്.ശാന്തിയുടെ പരാതി ദേവസ്വം മന്ത്രിക്ക് ബോർഡ് കൈമാറിയെങ്കിലും തുടർന്നൊന്നും അറിയിച്ചില്ല
ഗാനശ്രാവൺ സാമ്പത്തിക ശേഷിയെക്കുറിച്ച് ഒരു വിവരവും ലഭ്യമാക്കിയിട്ടില്ല. രേഖയും സമർപ്പിക്കുന്നില്ല. ഇത് ലഭ്യമാക്കുന്ന മുറയ്ക്ക് വീണ്ടും മുന്നോട്ടുപോകും
വി. നന്ദകുമാർ
പ്രസിഡന്റ്,
കൊച്ചിൻ ദേവസ്വം ബോർഡ്
ധാരണാപത്രം ഇല്ലാതെ വിദേശ ഫണ്ട് എത്തിക്കാൻ കഴിയില്ല. ഓംബുഡ്സ്‌മാന്റെ അറിയിപ്പുകൾ ലഭിച്ചപ്പോഴാെക്കെ ഹാജരായിട്ടുണ്ട്. സാമ്പത്തിക വിവരങ്ങൾ മുദ്രവച്ചകവറിൽ നൽകാം
ഗാനശ്രാവൺ