കൊച്ചി: കേരളത്തിൽ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലെ തിരഞ്ഞെടുപ്പു മരവിപ്പിച്ചതിന്റെ കാരണം വിശദീകരിച്ച് പത്രിക നൽകാൻ ഹൈക്കോടതി ഇലക്‌ഷൻ കമ്മിഷനു നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പു മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. ശർമ്മ എം.എൽ.എയും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി.വി. ആശയുടെ ഉത്തരവ്. ഹർജികൾ ഏപ്രിൽ ഒമ്പതിനു വീണ്ടും പരിഗണിക്കും.
മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്ന ഏപ്രിൽ 21 നകം ഇലക്‌ഷൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഇലക്‌ഷൻ കമ്മിഷന്റെ അഭിഭാഷകൻ കോ
ടതിയിൽ അറിയിച്ചു. എന്നാൽ വിജ്ഞാപനം ഇറക്കിയാൽ പോര, കാലാവധി കഴിയും മുമ്പ് തിരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടതെന്ന് ഹർജിക്കാർ വാദിച്ചു. അവശ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാൻ കമ്മിഷനു കഴിയുമെന്ന് വസന്ത പൈ കേസിൽ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്മിഷന്റെ അഭിഭാഷകൻ മറുപടി നൽകി. ഏപ്രിൽ 12 ന് തിരഞ്ഞെടുപ്പു നടത്താമെന്ന് മാർച്ച് 17 ന് വാർത്താക്കുറിപ്പാണ് ഇറക്കിയതെന്നും വിജ്ഞാപനമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ റഫറൻസിനെത്തുടർന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മരവിപ്പിക്കുകയാണെന്ന് മാർച്ച് 24 ലെ ഉത്തരവിൽ കമ്മിഷൻ പറയുന്നുണ്ടെങ്കിലും കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെക്കുറിച്ച് പറയുന്നില്ലെന്നും ഇലക്‌ഷൻ മരവിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു. ഇലക്ഷൻ കമ്മിഷന് തിരഞ്ഞെടുപ്പു നടത്താനുള്ള അധികാരം സ്വേച്ഛാപരമായി വിനിയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് കാരണം വ്യക്തമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്ക് ഇൗ നിയമസഭയുടെ കാലയളവിൽ തന്നെ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.