മൂവാറ്റുപുഴ: ഇന്ന് തുടങ്ങുന്ന എസ് .എസ് .എൽ.സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മൂവാറ്റുപുഴ ഡി.ആ.ഒ അറിയിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 53 സെന്ററുകളിലായി 3558 കുട്ടികൾ പരീക്ഷ എഴുതും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതലും കനത്ത സുരക്ഷാമാനണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പർ നേരത്തെ തന്ന സോർട്ടിംഗ് പൂർത്തിയാക്കി മൂവാറ്റുപുഴ, കല്ലൂർക്കാട്, പിറവം, കൂത്താട്ടുകുളം ട്രഷറികളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് പ്രത്യേക ടീമുകളുടെ നേതൃത്വത്തിൽ പൊലീസ് അകമ്പടിയോടെ പരീക്ഷാകേന്ദ്രങ്ങളിൽ ചോദ്യപേപ്പർ എത്തിക്കും. പരീക്ഷാഡ്യൂട്ടിക്കായി അദ്ധ്യാപകരേയും മറ്റു ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്തെ ഉയർന്ന വിജയശതമാനത്തിൽ മൂന്നാംസ്ഥാനം മൂവാറ്റുപുഴക്കായിരുന്നു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികളേയും ക്വാറന്റെെനിലുള്ളവരേയും കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രത്യേക മുറികളിൽ ഇരുത്തി പരീക്ഷ എഴുതിക്കും.