blind
അന്ധ ഫുട്ബാൾ താരങ്ങൾക്ക് വേണ്ടി കടവന്ത്രയിൽ സംഘടിപ്പിച്ച ഫുട്ബാൾ ക്യാമ്പ്

കൊച്ചി: അന്ധരായ ഫുട്ബാൾ താരങ്ങൾക്കു വേണ്ടി സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഒഫ് ദി വിഷ്വലി ചലഞ്ച്ഡും ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബാൾ ഫെഡറേഷനും ചേർന്ന് സംഘടിപ്പിച്ച ത്രിദിന ഫുട്‌ബോൾ ക്യാമ്പ് സമാപിച്ചു. സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം കാമ്പസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രദിപ് ദത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.പി. മാമൻ, ജിജോ പാലത്തിങ്കൽ, ദുലീപ്, ഗോകുലൻ എന്നിവർ പങ്കെടുത്തു.
ദേശീയ ബ്ലൈൻഡ് ഫുട്‌ബാൾ ടീം കോച്ച് സുനിൽ ജെ. മാത്യുവിന്റെ നേതൃത്വത്തിൽ കടവന്ത്ര ഗാമ ഫുട്‌ബാൾ അരീനയിൽ നടന്ന ക്യാമ്പിൽ എട്ട് താരങ്ങൾ പങ്കെടുത്തു. നാഷണൽ ബ്ലൈൻഡ് ഫുട്‌ബാൾ അക്കാഡമിയിലെ കളിക്കാരുമായി പരിശീലന മത്സരവുമുണ്ടായിരുന്നു. ആഗസ്റ്റിൽ നടക്കുന്ന സൗത്ത് സോൺ ബ്ലൈൻഡ് ഫുട്‌ബാൾ ടൂർണമെന്റിനും വർഷാവസാനം ഗുവാഹത്തിയിൽ നടക്കുന്ന നാഷണൽ ടൂർണമെന്റിനുമുള്ള കേരള ടീമിന്റെ മുന്നൊരുക്കം കൂടിയാണ് ക്യാമ്പ്. രണ്ട് തവണ നാഷണൽ ടൂർണമെന്റിൽ കേരള ടീം ജേതാക്കളായിട്ടുണ്ട്.