pistol

 ഛായാചിത്രം തയ്യാറാക്കും

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽപിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ സി.സി.ടിവി ദൃശ്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് വിദഗ്ദ്ധരുടെ സഹായം തേടി. പിസ്റ്റൾ കണ്ടെത്തിയ ട്രോളി പാർക്കിംഗ് ഏരിയയിൽ നിന്ന് ലഭിച്ച സി.സി.ടിവി ദൃശ്യങ്ങൾക്ക് വ്യക്തത കുറവായ പശ്ചാത്തലത്തിലാണിത്. സംശയിക്കുന്നവരുടെ ഛായാചിത്രങ്ങൾ തയ്യാറാക്കും.

തോക്കിനൊപ്പം ലഭിച്ച കത്തിലെ കൈയക്ഷരം സംശയിക്കപ്പെടുന്നവരുടേതുമായി വിദദ്ധർ ഒത്തുനോക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് കിട്ടിയേക്കും.

സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി അവരെ ചോദ്യം ചെയ്യുകയാണ്. ഇതുവരെ അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ഉപയോഗക്ഷമമല്ലാത്ത 1964 മോഡൽ റഷ്യൻ സെമി ഓട്ടോമാറ്റിക് പിസ്റ്റളും അഞ്ച് തിരകളും കണ്ടെത്തിയത്. നാലു പ്രമുഖ സാമുദായിക,രാഷ്ട്രീയ നേതാക്കൾക്ക് ഇവ കൈമാറണമെന്ന കുറിപ്പും സഞ്ചിയിലുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കത്തിലെങ്കിലും ഉള്ളടക്കം പൊലീസ് പുറത്തുവിട്ടിട്ടില്ല.

''വിദഗ്ദ്ധ സംഘം ദൃശ്യങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് കൈമാറും. ഇത് അടിസ്ഥാനമാക്കിയാകും തുടരന്വേഷണം. തോക്ക് ഉപേക്ഷിച്ചയാളെ ഉടൻ പിടികൂടാനാകും.

ഐശ്വര്യ ഡോംഗ്റെ

ഡി.സി.പി

കൊച്ചി