കൊച്ചി: തിരഞ്ഞെടുപ്പിന്റെ പിറ്റേന്നു തന്നെ തൃക്കാക്കരയിലെ യു.ഡി.എഫിന്റെ പ്രചാരണ സാമഗ്രികൾ സ്ഥാനാർത്ഥി പി.ടി തോമസും പ്രവർത്തകരും ചേർന്ന് നീക്കിത്തുടങ്ങി. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പ്രചാരണ സാമഗ്രികൾ നീക്കുന്നത്. പനമ്പള്ളിനഗറിലെ ബോർഡുകൾ അഴിച്ചുമാറ്റി പി.ടി. തോമസാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ മണ്ഡലത്തിലെ എല്ലാ പ്രചാരണസാമഗ്രികളും നീക്കുമെന്ന് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോസഫ് അലക്‌സ് പറഞ്ഞു. ബോർഡുകളും ബാനറുകളും കട്ടൗട്ടുകളും മറ്റും തിരിച്ചെടുക്കും. പോസ്റ്ററുകളും നീക്കും. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സേവ്യർ തായങ്കേരി, അബ്ദുൾ ലത്തീഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, കൗൺസിലർ അഞ്ജന രാജേഷ്, മുൻ കൗൺസിലർ ജോൺസൺ പാട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.