ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ 2016നേക്കാൾ ഏഴ് ശതമാനത്തിലേറെ പോളിംഗ് കുറഞ്ഞെങ്കിലും മുന്നണികളെല്ലാം വിജയപ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്. എൻ.ഡി.എയാകട്ടെ 30,000ത്തിന് മുകളിൽ വോട്ട് പിടിക്കുമെന്ന് അവകാശപ്പെടുന്നു.

2016ൽ 83.16 ആയിരുന്നു മണ്ഡലത്തിലെ പോളിംഗ് ശതമാനമെങ്കിൽ ഇക്കുറി 75.39 ലാണ് നിൽക്കുന്നത്. പോസ്റ്റർ ബാലറ്റ് വോട്ടുകളും മറ്റും ചേർത്താലും പരമാവധി 78 കടക്കാൻ സാദ്ധ്യതയില്ല. പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. തങ്ങളുടെ മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകളെല്ലാം കൃത്യമായി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് വോട്ടുകളാണ് ചെയ്യാതിരുന്നതെന്നുമാണ് എൽ.ഡി.എഫിന്റെ വിശദീകരണം. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയിൽ പ്രതിഷേധിച്ച സി.പി.എം പ്രവർത്തകർ വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ ഇടപെടാതിരുന്നതാണ് പോളിംഗ് കുറയാൻ കാരണമെന്നും ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫും പറയുന്നു. 2016ലെ 19,000 വോട്ടിൽ നിന്ന് ഇക്കുറി 30,000ത്തിന് മുകളിൽ വോട്ടുനേടി വൻമുന്നേറ്റം നടത്തുമെന്നാണ് എൻ.ഡി.എ അവകാശപ്പെടുന്നത്.

മൂന്ന് മുന്നണികളും ബൂത്തിൽ നിന്നും തിരഞ്ഞെടുപ്പിനുശേഷം ഓരോ സ്ഥാനാർത്ഥികൾക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. മണ്ഡലം, ലോക്കൽ കമ്മിറ്റികൾ മുഖേന നിയോജകമണ്ഡലം കമ്മിറ്റികൾക്ക് കൈമാറിയ കണക്കുകളുടെ സൂക്ഷ്മപരിശോധനയിലാണ് മുന്നണി നേതൃത്വങ്ങൾ. പ്രാഥമിക കണക്കുകൾ പ്രകാരം 20,000 വോട്ടിന്റെ ഭൂരിപക്ഷം അൻവർ സാദത്തിന് ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫും വിജയപ്രതീക്ഷ പങ്കുവെയ്ക്കുന്നു.