covid
ആരോഗ്യ ദിനത്തോടനുബന്ധിച്ച് കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മികച്ച സേവനം നടത്തിയതിന് ആദരിക്കപ്പെട്ട ജീവനക്കാർ ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരിയോടൊപ്പം

ആലുവ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആലുവ ജില്ലാ ആശുപത്രിയിൽ 45 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. നഗരത്തിലെ ഒന്നുമുതൽ നാലുവരെ വാർഡുകളിലുള്ളവർക്ക് ഇന്നലെ വാക്‌സിനേഷൻ നൽകി. ഇന്ന് 5 മുതൽ 8 വരെ വാർഡുകളിലെ താമസക്കാർക്ക് വാക്‌സിനേഷൻ നൽകും.

ജനുവരി 28 നാണ് ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. ഇതുവരെ 4200 പേർക്ക് വാക്‌സിനേഷൻ നൽകി. 1517 ആരോഗ്യ പ്രവർത്തകരും 667 ഫ്രണ്ട്ലൈൻ വർക്കർമാരും ഉൾപ്പെടെയാണിത്. കൊവിഡ് വാക്‌സിനേഷൻ കാമ്പയിനിൽ മികച്ച സേവനം നടത്തിയ ജീവനക്കാരെ ആരോഗ്യദിനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ആദരിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, പബ്ലിക് ഹെൽത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സുമാർ, ആശാ പ്രവർത്തകർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണ് ആദരിച്ചത്. നഴ്‌സിംഗ് സൂപ്രണ്ട് ആശലത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ് എന്നിവർ സംസാരിച്ചു.