ആലുവ: റൂറൽ ജില്ലയിൽ വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കനത്ത പൊലീസ് സുരക്ഷ. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ഒമ്പത് ഡിവൈ.എസ്.പി, ഒമ്പത് സർക്കിൾ ഇൻസ്‌പെക്ടർ, 36 സബ് ഇൻസ്‌പെക്ടർ, 88 കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ 325 ഉദ്യോഗസ്ഥർ സുരക്ഷാ ചുമതല നിർവഹിക്കും.
മൂന്നു തലങ്ങളിലായിട്ടാണ് കേന്ദ്രങ്ങളിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ പൊലീസ് പട്രോളിംഗ് യൂണിറ്റുകൾ 24 മണിക്കൂറും റോന്തുചുറ്റും. ക്യാമറ നിരീക്ഷണത്തിലായിരിക്കും കേന്ദ്രങ്ങൾ. ഉയർന്ന ഉദ്യോഗസ്ഥർ ഇടവിട്ട സമയങ്ങളിൽ പരിശോധന നടത്തും. ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ, യു.സി കോളേജ് ആലുവ (രണ്ടെണ്ണം), ശ്രീനാരായണ ഹൈസ്‌ക്കൂൾ നോർത്ത് പറവുർ, ഗവ: ബോയ്‌സ് ഹയർ സെക്കൻഡറി സ്‌ക്കൂൾ നോർത്ത് പറവൂർ, ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ, നിർമല പബ്ലിക് സ്‌കൂൾ മൂവാറ്റുപുഴ, നിർമല ഹയർ സെക്കൻഡറി സ്‌കൂൾ മൂവാറ്റുപുഴ, എം.എ കോളേജ് കോതമംഗലം എന്നിവിടങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.