കൊച്ചി: ഇക്കുറി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കില്ല. ഈ വർഷം മാലിന്യങ്ങൾക്ക് സാധ്യതയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞ വർഷം മൂന്നു ടണ്ണോളം മാലിന്യമാണ് സംസ്ഥാനത്തെമ്പാടു നിന്നും ശേഖരിച്ചത്. പി.പി.ഇ കിറ്റുൾപ്പെടെയുള്ള പ്ളാസ്റ്റിക് ബയോമാലിന്യങ്ങൾ ഐ.എം.എയുടെ കീഴിൽ മെഡിക്കൽ മാലിന്യം സംസ്കരിക്കുന്ന ഇമേജ് എന്ന ഏജൻസിയാണ് സമാഹരിച്ചത്. ഇത്തവണ അദ്ധ്യാപകർക്ക് ഗ്ളൗസ് പോലും നൽകുന്നില്ല.
കഴിഞ്ഞ വർഷം മേയ് മാസത്തിലായിരുന്നു പരീക്ഷ. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ അന്ന് വൃത്തിയാക്കൽ നടപടികളും ആവശ്യമായിരുന്നു.
രാജ്യത്ത് ആദ്യമായി കൊവിഡ് കാലത്ത് പരീക്ഷ നടത്തിയത് കേരളത്തിലാണ്. അന്ന് കൂടുതൽ സുരക്ഷ മാർഗങ്ങളും ആവശ്യമായിരുന്നു. എന്നാൽ ഇത്തവണ അതിന്റെ ആവശ്യമില്ല- കെ.ജീവൻ ബാബു, ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ.
മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശം ഒന്നും ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം എന്താണെന്നും അറിയില്ല
ഇമേജ് അധികൃതർ