പെരുമ്പാവൂർ: തിരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിക്ക് വിശ്രമിക്കുവാൻ സമയം കിട്ടിയില്ല. മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെയും വോട്ടുകളുടെയും അവലോകനം നടത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള ചെയർമാൻ, കൺവീനർ എന്നിവരുമായി ആശയവിനിമയം നടത്തി. പഞ്ചായത്ത് തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ഫോണിൽ സംസാരിച്ചു. പോൾ ചെയ്ത വോട്ടുകളുടെയും ലഭിക്കുവാൻ സാദ്ധ്യതയുള്ള വോട്ടുകളുടെയും വിവരങ്ങൾ ശേഖരിച്ചു. മറ്റു പാർട്ടി നേതാക്കൾ, സുഹൃത്തുക്കൾ എന്നിവരോട് ബൂത്തുതലത്തിലെ കണക്കുകൾ ചോദിച്ചറിഞ്ഞു. വൈകിട്ട് കോതമംഗലം ചെറിയ പള്ളിയിലെത്തി.