പെരുമ്പാവൂർ: കുടിവെള്ളക്ഷാമം രൂക്ഷമായ വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽകടവ് ഭാഗത്ത് 2013ൽ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി പരാജയം. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരുവർഷം മുമ്പ് ഒമ്പത് ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ രണ്ടാംഘട്ട കുടിവെള്ള പദ്ധതിയാണ് പരാജയമെന്ന് കുന്നത്തുനാട് ലീഗൽ സർവീസ് കമ്മിറ്റിയിൽ പരാതി ഉയർന്നത്. പൊതു പ്രവർത്തകനായ തോമസ് കെ ജോർജാണ് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്സണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത്: കുടിവെള്ള നിർമാണ കരാർ പ്രകാരം തൊണ്ണൂറായിരം രൂപ ചെലവിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും പ്രഷർ സാൻഡ് ഫിൽറ്ററിനായി രണ്ടുലക്ഷത്തി അറുപതിനായിരംരൂപയും നീക്കിവച്ചിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാതെയാണ് കുടിവെള്ളവിതരണം നടത്തുന്നത്. അങ്കണവാടിയിലേക്ക് ഗുണനിലവാര പരിശോധനയില്ലാതെയാണ് കുടിവെള്ള വിതരണം നടത്തുന്നത്. പുഴയിൽനിന്ന് നേരിട്ട് പമ്പുചെയ്യുന്ന വെള്ളം ശുദ്ധീകരിക്കാതെ കുടിവെള്ളമായി ഉപയോഗിക്കുകയാണ് ഇവിടുത്തുകാർ. വെള്ളം ഉപയോഗിക്കുന്ന മുപ്പതിലേറെ കുടുംബങ്ങൾ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന ഭീതിയിലാണ്.