കൊച്ചി: തമിഴ്നാട് സ്വദേശി അരവിന്ദിന്റെ ഹൃദയത്തുടിപ്പിൽ കായംകുളത്തുകാരൻ സൂര്യനാരായണൻ ജീവിതം തിരിച്ചുപിടിക്കുകയാണ്. നഷ്ടപ്പെടുമെന്ന് കരുതിയ ജീവിതം വീണ്ടെടുക്കാൻ സഹായിച്ച അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് സൂര്യനാരായണൻ ഇന്നലെ എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ മാസം 18 നാണ് സൂര്യനാരായണന്റെ (18) ശരീരത്തിൽ അരവിന്ദിന്റെ ഹൃദയം വച്ചുപിടിപ്പിച്ചത്. നാഗർകോവിലിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കന്യാകുമാരി സ്വദേശിയും എൻജിനിയറിംഗ് ബിരുദധാരിയുമായ അരവിന്ദിന് (25) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. അരവിന്ദിന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചാണ് ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൂര്യനാരായണന് നൽകിയത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യന്. മരണത്തെ മുഖാമുഖം കണ്ടു മുന്നോട്ടു പോകുന്നതിനിടെയാണ് കിംസ് ആശുപത്രിയിൽ സൂര്യന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന, കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗിലെ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ സന്ദേശം എത്തിയത്.
സർക്കാർ വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. ഹൃദയം നാല് മണിക്കൂറിനുള്ളിൽ സൂര്യനാരായണനിൽ സ്പന്ദിച്ച് തുടങ്ങി.
ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ ജീവനക്കാർ മധുരം പങ്കുവച്ചാണ് സൂര്യനാരായണനെ യാത്രയാക്കിയത്. തുടർചികിത്സയ്ക്കുള്ള സൗകര്യാർത്ഥം ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലാണ് താമസം.