കൊച്ചി: ജില്ലയിൽ 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലേതിനേക്കാൾ പോളിംഗ് (74.17) കുറഞ്ഞെങ്കിലും തങ്ങളെ അത് ബാധിക്കില്ലെന്ന് മുന്നണികൾ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 80.03 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ ട്വന്റി 20യും വീഫോർ കൊച്ചിയും ഉൾപ്പെടെയുള്ളവരുടെ സ്വാധീനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ശബരിമല യു.ഡി.എഫും എൻ.ഡി.എയും പ്രചാരണ വിഷയമാക്കിയെങ്കിലും അത് വളരെ വലിയ ഘടകമാകുന്നത് തൃപ്പൂണിത്തുറയിലായിരിക്കും. ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്റർ ഇറക്കിയ മണ്ഡലത്തിൽ എൻ.ഡി.എ ജയിക്കുമെന്ന അവകാശവാദവും അവർ ഉന്നയിക്കുന്നു. എന്നാൽ ഇവിടെ എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ തങ്ങൾക്ക് ഗുണമാകുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്.
ട്വന്റി 20 നിർണായകം
കുന്നത്ത്നാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ചെന്ന് ട്വന്റി 20 പറയുമ്പോൾ അത് തള്ളുന്ന മുന്നണികൾ എല്ലാ മണ്ഡലങ്ങളിലും എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന പേടിയിലാണ്. ട്വന്റി 20 യെ മത്സരിപ്പിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന ആരോപണമുയർത്തി പി.ടി.തോമസ് മുൻകൂർ ജാമ്യവുമെടുത്തിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന പോളിംഗ് കുന്നത്ത്നാടിലാണ്. 80.99 ശതമാനം. ജില്ലയിലെ തിരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമായ യാക്കോബായ സഭയുടെ വോട്ടുകൾ ആരെയാണ് തുണച്ചതെന്ന കാര്യത്തിൽ മുന്നണികൾ വിലയിരുത്തലിലേക്ക് കടക്കുന്നതേയുള്ളു. എന്നാൽ ഇത്തവണ എൽ.ഡി.എഫിനോട് പ്രതിഷേധമുള്ള വലിയൊരു വിഭാഗം സഭക്കുള്ളിലുണ്ടെന്ന വാദമാണ് യു.ഡി.എഫ് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ പിറവം, കോതമംഗലം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ യു.ഡി.എഫിന് ഗുണമാകുമെന്നാണ് അവകാശവാദം.
വോട്ടുബാങ്കുകൾ
ലത്തീൻ സഭയുടെ വോട്ട് ബാങ്ക് ഇത്തവണ ഏകപക്ഷീയമാകില്ലെന്ന വിലയിരുത്തലാണ് എൽ.ഡി.എഫിനുള്ളത്. ഒരു മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തന്നെ നിർദ്ദേശിക്കുന്ന തരത്തിൽ സഭയുമായുള്ള ബന്ധം ഊഷ്മളമാണത്രെ. മുസ്ലിംലീഗിലെ ഭിന്നത പരിഹരിക്കാൻ കഴിയാത്തത് കളമശേരിയിൽ യു.ഡി.എഫ് സാദ്ധ്യതയ്ക്ക് എത്രത്തോളം മങ്ങലേല്പിച്ചുവെന്ന സംശയത്തിലാണ് നേതൃത്വം. അങ്കമാലിയിൽ ജോസ് തെറ്റയിൽ വീണ്ടും മത്സര രംഗത്തെത്തിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ആലുവയിലെ മുൻ എം.എൽ.എ മുഹമ്മദലിയുടെ കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥി എൽ.ഡി.എഫിനായി രംഗത്തെത്തിയതും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്റെ നാട് കൂട്ടായ്മയിലൂടെ കഴിഞ്ഞ അഞ്ച് വർഷമായി കോതമംഗലത്തെ പൊതുരംഗത്ത് സജീവമായ ഷിബു തെക്കുംപുറത്തിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫിന് ഭീഷണിയായിട്ടുണ്ടെന്നാണ് യു.ഡി.എഫ് പറയുന്നത്. മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ സ്ഥാനാർത്ഥിത്വം മികവായി മാറിയെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. വൈപ്പിനിൽ എസ്.ശർമ്മ ഇത്തവണ മത്സര രംഗത്തില്ലാത്തത് നേട്ടമാകുമെന്ന് യു.ഡി.എഫ് പറയുമ്പോഴും മുൻ ദേവസ്വം ബോർഡ് അംഗം കൂടിയായ കെ.എൻ.ഉണ്ണികൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ മണ്ഡലം എൽ.ഡി.എഫിന് തന്നെ ലഭിക്കുമെന്ന ഉറപ്പാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.