തോപ്പുംപടി: കൊച്ചി മണ്ഡലത്തിൽ വിജയപ്രതീക്ഷയർപ്പിച്ച് അഞ്ച് മുന്നണികൾ. എന്തു വില കൊടുത്തും മണ്ഡലം നിലനിറുത്തുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടായി പെട്ടിയിൽ വീഴുമെന്നും മണ്ഡലം നിലനിറുത്തിയാൽ കുടുതൽ വികസനങ്ങൾ എത്തിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. കഴിഞ്ഞ തവണ സംഭവിച്ച മറിമായം ഇത്തവണ നടക്കില്ലെന്നും അതുകൊണ്ട് തന്നെ റിബൽ സ്ഥാനാർത്ഥി ഇല്ലാതിരുന്നതും ഇവർക്ക് വിജയപ്രതീക്ഷയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയാണ്. ഭരണത്തിൽ വന്നാൽ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും പൂർത്തീകരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. മാറ്റത്തിനൊരു വോട്ട് അതാണ് കൊച്ചി മണ്ഡലത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും എൻ.ഡി.എ നേതൃത്വം അവകാശപ്പെടുന്നു. കേന്ദ്രപദ്ധതികൾ വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കൊച്ചി മണ്ഡലത്തിൽ കൂടുതൽ വികസനം കൊണ്ടുവരുമെന്നും തീരദേശവാസികളുടെ ദുരിതത്തിന് അറുതി വരുത്തുമെന്നും മുന്നണി വ്യക്തമാക്കി. എന്നാൽ ഇരുമുന്നണികളെയും മടുത്ത ജനം പുതിയൊരു മാറ്റത്തിനു വേണ്ടി ദാഹിക്കുകയാണെന്നും ട്വന്റി20യും വി ഫോർ കൊച്ചിയും അവകാശപ്പെടുന്നു. യൂത്തിന്റെ വോട്ടുകൾ മുഴുവനായും ഇവരുടെ പെട്ടികളിൽ വീഴുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവർ. സാധാരണക്കാർക്ക് നീതി ലഭിക്കാനും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ കൂടെ നിൽക്കുമെന്നും ഇവർ വ്യക്തമാക്കി.