കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ആലിൻചുവട് എസ്.എൻ.ഡി.പി ഹാളിൽ ചേർന്നു. 2019-20 വർഷം ബാങ്കിന് ലഭിച്ച 1.52 കോടി രൂപയുടെ പ്രവർത്തന ലാഭത്തിൽ നിന്നും 66,69,862 രൂപ അംഗങ്ങൾക്ക് ലാഭവീതമായി വിതരണം ചെയ്യുന്നതിനായി തീരുമാനിച്ചു. തുടർന്ന് മികച്ച രീതിയിൽ വീട്ടുമുറ്റ, മട്ടുപ്പാവ് കൃഷി നടത്തുന്ന കർഷകർക്കായി നൽകിവരുന്ന അവാർഡുകൾ വിതരണം ചെയ്തു. മാമംഗലം നേതാജി റോഡിൽ വരിക്കോലിൽ വീട്ടിൽ നാരായണൻകുട്ടിയെ മികച്ച കർഷകനായി തിരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് മെമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സെക്രട്ടറി എം.എൻ.ലാജി, ഭരണ സമിതിയംഗങ്ങളായ പി.കെ. മിറാജ്, കെ.ജി.സുരേന്ദ്രൻ, കെ.എ. അഭിലാഷ്, കെ.ജെ. സാജി എന്നിവർ സംസാരിച്ചു.