കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികളാരും ഇന്നലെ വീട്ടിൽ വിശ്രമത്തിലായിരുന്നില്ല. പ്രവർത്തകയോഗത്തിൽ പങ്കെടുത്തും തിരഞ്ഞെടുപ്പ് അവലോകനം നടത്തിയും മരണ വീടുകൾ സന്ദർശിച്ചും ഇന്നലെയും സജീവമായിരുന്നു അവർ.
കളമശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് രാവിലെ മുതൽ മണ്ഡലത്തിലെ തന്റെ പ്രചാരണ ബോർഡുകളും ബാനറുകളും പ്രവർത്തകരോടൊപ്പം നീക്കം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുകയായിരുന്നു. ചുമരെഴുത്തുകൾ മായ്ച്ചുകളയാനും രാജീവ് സജീവമായി രംഗത്തുണ്ടായിരുന്നു. ബൂത്ത് തലങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കണക്കുകളും നേതാക്കളോടൊപ്പം വിലയിരുത്തി.
പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി.സതീശൻ രാവിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി യോഗം ചേർന്ന് അവലോകനം നടത്തി. മണ്ഡലത്തിലെ നാല് മരണവീടുകളിലുമെത്തി.
രാവിലെ മുതൽ വീട്ടിലെത്തിയ വാർത്താ ചാനലുകളുടെ പ്രതിനിധികളോട് തിരഞ്ഞെടുപ്പ് വിശകലനം നടത്തിയ തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു ഉദയംപേരൂർ പഞ്ചായത്തിലെ മൂന്ന് മരണവീടുകളിലും നഗരസഭാ പരിധിയിലെ ഒരു മരണവീട്ടിലും സന്ദർശനം നടത്തി. കുമ്പളം, പള്ളുരുത്തി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. ഒരു പള്ളിയിലും രണ്ട് കരയോഗങ്ങളിലുമെത്തി.
തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന് എല്ലാം പതിവ് പോലെയായിരുന്നു. ഉച്ചവരെ മണ്ഡലത്തിലുണ്ടായിരുന്ന സ്വരാജ് ഉച്ചക്ക് ശേഷം കോട്ടയത്തേക്ക് പോയി.
മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ രാവിലെ തന്നെ അയ്യപ്പൻകാവിൽ കഴിഞ്ഞ 35 വർഷമായി താൻ മുടിവെട്ടുന്ന ഹെയർ കട്ടിംഗ് സലൂണിലെത്തി മുടി വെട്ടി. ഉച്ചക്ക് ശേഷം തൃപ്പൂണിത്തുറയിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു.
പിറവത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ്ബ് മൂന്ന് ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഫോണിലൂടെ പ്രവർത്തകരും നേതാക്കളുമായി ചർച്ച നടത്തി.
പറവൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി എ.ബി.ജയപ്രകാശ് രാവിലെ പറവൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി. തുടർന്ന് മണ്ഡലത്തിലെ പ്രമുഖരായ പ്രവർത്തകരെ കണ്ടു. പ്രാദേശിക ഭാരവാഹികളെ വിളിച്ച് തിരഞ്ഞെടുപ്പ് വിശകലനം നടത്തി.