godown

പെരുമ്പാവൂർ: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെമിക്കൽ ലാബും ഗോഡൗണും അനധികൃതമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടും വാഴക്കുളം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ ദുരൂഹത. കഴിഞ്ഞ പത്ത് വർഷത്തിലധികമായി വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയിൽ കോട്ടപ്പുറത്ത് വീട്ടിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ലക്ഷങ്ങൾ വാടകയിനത്തിൽ വാങ്ങി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിച്ച് വരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെ നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്തോ അനുബന്ധ വകുപ്പുകളോ അനുമതി നൽകാതെ കെമിക്കൽ ലാബും ഗോഡൗണും പ്രവർത്തിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് സ്വകാര്യ കമ്പനിക്ക് ലക്ഷങ്ങൾ ഈടാക്കി വാടക നൽകി വരികയായിരുന്നു സ്ഥലഉടമസ്ഥൻ. എന്നാൽ ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇങ്ങനെയൊരു വലിയ സ്ഥാപനം ഇത്രയും വർഷം പ്രവർത്തിച്ചത് എന്ത് മാനദണ്ഡത്തിലായിരുന്നൂവെന്ന് അറിയില്ലെന്ന് പുതിയ പഞ്ചായത്ത് ഭരണസമിതി ആവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ ചോദ്യമുനകൾ നീളുകയാണ്. ഇത്തരത്തിൽ സ്ഥാപനങ്ങൾ നടത്താൻ പെർമിറ്റ് നൽകിയിട്ടില്ലെന്നും വിവരാകാശരേഖകളും പറയുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് മൂലം നികുതിയും വാടകയും അടയ്ക്കാത്തതിന്റെ പേരിൽ ജപ്തിയും റവന്യൂറിക്കവറി നടപടികളും കർശനമായി നേരിടേണ്ടി വരുന്ന സാധാരണക്കാരെ നോക്കുകുത്തിയാക്കിയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ചില ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. ഇവിടം അനുമതിയില്ലാതെ സ്ഥാപനങ്ങൾ നടത്താൻ കൈക്കൂലി വാങ്ങി മൗനാനുവാദം നൽകിയെന്ന ആരോപണവും ഇപ്പോൾ ഉയർന്നിരിക്കുകയാണ്. ഇത് പുതിയ പഞ്ചായത്ത് ഭരണസമിതിയെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അനധികൃത പ്രവർത്തനങ്ങൾ അറിഞ്ഞതിന് ശേഷവും നടപടിയെടുക്കാൻ പഞ്ചായത്ത്് സെ്ക്രട്ടറി തയ്യാറാകാത്തതിലും ദുരൂഹത ഉയരുകയാണ്. അതിനിടെ, സംഭവം പിടിക്കപ്പെടുമെന്നറിഞ്ഞതോടെ ഉടമസ്ഥൻ ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. അങ്ങനെയെങ്കിൽ വർഷങ്ങളായി ഇവിടെ ലക്ഷങ്ങൾ വാടക വാങ്ങി സ്വകാര്യ കമ്പനിയുടെ കെമിക്കൽ ലാബിനും ഗോഡൗണിനും പ്രവർത്തിക്കാൻ അനുവദിച്ചതിന്റെ പേരിൽ ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് നാട്ടുകാർ.സംഭവത്തിൽ മുൻഭരണസമിതികൾക്ക് പങ്കുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.