1

തൃക്കാക്കര മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗ ബാലതാരമാണെന്ന് അധികമാർക്കും അറിയില്ല. ബില്ലി എന്ന സിനിമയിൽ വൈഗ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. അഞ്ചു സിനിമകൾ ചേർന്ന ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രഹാറിലെ ഒരു സിനിമയാണ് ബില്ലി. ഈ ചിത്രത്തിലാണ് പതിനൊന്നുകാരിയായ വൈഗ അഭിനയിച്ചിരിക്കുന്നത്. ചിത്രഹാറിലെ മറ്റൊരു സിനിമ നിർമ്മിച്ചിരിക്കുന്നത് വൈഗ താമസിച്ചിരുന്നന്ന ഫ്ലാറ്റിലുള്ള സ്ത്രീയാണ്.

2018ലാണ് നവാഗതരായ നാല് സംവിധായകരുടെ 5 ഹ്രസ്വചിത്രങ്ങൾ ചേർത്ത് 'ചിത്രഹാർ ' എന്ന സിനിമ ഒരുങ്ങുന്നതായി ഫിലിം മേക്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് പ്രഖ്യാപിച്ചത്. 5ഡി ഫിലിംസിന്റെ ബാനറിൽ ഐ.എം.പി യാണ് ചിത്രം നിർമ്മിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. ആരാൻ, ബില്ലി, ഹമാരാ ബജാജ്, റൈഡേഴ്സ്, ഹാമിയ എന്നീ ചിത്രങ്ങൾ നിമൽ, ഷാൻ, ഗൗതം പ്രദീപ്, അഖില സായൂജ് എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുമെന്നും ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം പുറത്തുവിട്ടിരുന്നു. വൈഗ അഭിനയിച്ച ബില്ലി എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഷാനാണ്.

ഒരു വർഷം മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇനിയും തിയേറ്ററിൽ എത്തിയിട്ടില്ല.

അതേ സമയം പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിലെ ശ്രീഗോകുലത്തിൽ സാനുമോഹനായി പൊലീസ് ചെന്നൈയിൽ ഉൾപ്പെടെ വലവിരിച്ചിരിക്കുകയാണ്.