എരൂർ: കലാജീവിതം കൊവിഡ് തകർത്തെറിഞ്ഞപ്പോൾ മത്സ്യബന്ധനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് കലാകാരനായ വിജയൻ. ചിത്രകാരനായ ഇദ്ദേഹത്തിന് എറണാകുളത്തെ പ്രമുഖ പരസ്യക്കമ്പനിയിൽ ചുവരെഴുത്തും പരസ്യ രൂപകൽപ്പനയും ആയിരുന്നു ജോലി. നാടൻ പാട്ടുകാരനും കൊച്ചിയിലെ നാടൻകലാ സംഘമായ നാട്ടറിവിൽ ഗായകനുമാണ് ഇദ്ദേഹം. മാത്രമല്ല, സാംസ്കാരിക വകുപ്പിന്റെ വിവിധ ബോധവത്ക്കരണ പരിപാടിയിലും ആഘോഷമേളയിലും കഥകളി, ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ
വെളിച്ചപ്പാട്, തുടങ്ങിയ വേഷങ്ങൾ കെട്ടി ആടുന്നതിലും വിജയൻ ശ്രദ്ധേയനാണ്. ഉത്സവാഘോഷങ്ങളിൽ ചെണ്ടമേളം നടത്തുന്നതിലും വിജയൻ കഴിവ് തെളിയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം സിനിമയിൽ ആർട്ട് പ്രവർത്തനത്തിൽ സഹായിയായി രുന്നു. ഏതാനും ഷോർട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിലായി നെവിൻ പോളി നായകനായ റീലിസിന് കാത്തിരിക്കുന്ന കൊച്ചിയുടെ ചരിത്രം പറയുന്ന തുറമുഖം എന്ന സിനിമയിലും വിജയൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
മുമ്പ് നാടൻപാട്ട് സംഘത്തിൽ നിന്നും പരസ്യക്കമ്പനിയിലെ വരുമാനത്തിൻനിന്നുമായിരുന്നു വിജയന്റെ ഉപജീവനമാർഗം. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് ഈ വരുമാനമാർഗങ്ങളെല്ലാം അടഞ്ഞു. തുടർന്നാണ് മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞത്. തൃപ്പൂണിത്തുറ മുനിസിപ്പലിറ്റിയിൽ ആശാ വർക്കറായ രാജശ്രീ മക്കളായ സിരൻ ,താമര എന്നിവർ അടങ്ങുന്നതാണ് കുടുംബം.