റെഡി ടു കുക്കിൽ പ്രിസർവേറ്റീവുകൾ
സുഗന്ധവ്യഞ്ജനങ്ങളിൽ കീടനാശിനി
കൊച്ചി: കൊവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങൾക്കെതിരേ നടപടി കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. നഗരത്തിൽ ഭക്ഷണശാലകൾ, ഭക്ഷ്യോത്പാദന വിതരണ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് സമീപമുള്ള ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പരിശോധനകൾ ശക്തമാക്കിയെന്ന് അധികൃതർ പറഞ്ഞു.
വിപണിയിലുള്ള പല റെഡി ടു കുക്ക് പാക്കറ്റുകളിലും നിശ്ചിത അളവിൽ കൂടുതലായി പ്രിസർവേറ്റീവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കിയത്. അച്ചാർ, സോസ്, പാതി വേവിച്ച ചപ്പാത്തി എന്നിവയിലാണ് കൂടുതലായും പ്രിസർവേറ്റീവ് കണ്ടെത്തിയിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളിലും പരിധിയിലധികം കീടനാശിനികളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എഫ്.എസ്.എസ്.എ.ഐ. അനുവദിക്കാത്തതും അംഗീകരിച്ചിട്ടില്ലാത്തതുമായ കീടനാശിനികളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കെതിരെയും കേസെടുത്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശോധനകൾ കാര്യക്ഷമമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു. കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ച സാഹചര്യത്തിൽ അതിന്റെ പ്രവർത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം.
വ്യക്തിശുചിത്വം നിർബന്ധം
പരിശോധനയിൽ വ്യക്തി ശുചിത്വം, ഹാൻഡ് സാനിറ്റൈസർ, സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികൾ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർദേശവും നിർബന്ധമാക്കി.
കർശന നടപടി
"നഗരത്തിൽ എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെഡി ടു കുക്ക് പായ്ക്കറ്റുകളിലൊക്കെ നിശ്ചിത അളവിൽ കൂടുതൽ മായം ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയെല്ലാം കേസെടുത്തിട്ടുണ്ട്."
റാണി ചാക്കോ
നോഡൽ ഓഫീസർ
ഭക്ഷ്യസുരക്ഷാ വകുപ്പ്