കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ഇ.ഡിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും ഇതു മുദ്രവച്ച കവറിൽ നൽകാമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി നിർബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജികൾ പരിഗണിക്കെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള അന്വേഷണം നിരപരാധികളെ കേസിൽ കുടുക്കാനുള്ള ലൈസൻസല്ല. ഇ.ഡി ഉദ്യോഗസ്ഥർ കേസുമായി ബന്ധമില്ലാത്തവർക്കെതിരെ വ്യാജ തെളിവുണ്ടാക്കുന്നെന്ന ആരോപണം ശരിയാണെങ്കിൽ ഒരു പൗരനും രാജ്യത്ത് സുരക്ഷിതനല്ല. ഇ.ഡി ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നേരിടണമെന്നും സർക്കാരിനു വേണ്ടി ഹാജരായ മുൻ അഡി. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ വാദിച്ചു. ഇന്നും വാദം തുടരും.
ഇരു കേസുകളിലും തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ നിലനിൽക്കും. ഇ.ഡിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡി. സോളിസിറ്റർ ജനറൽമാരായ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരാണ് ഹാജരാകുന്നത്.
ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്ന്
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടർന്നുള്ള കേസും സന്ദീപിന്റെ പരാതിയെത്തുടർന്നുള്ള കേസും വ്യത്യസ്‌തമാണ്. ഒരേ സംഭവത്തിൽ രണ്ടു കേസെടുത്തെന്ന ഇ.ഡിയുടെ വാദം ശരിയല്ല. ആരെയും പ്രതി ചേർത്തിട്ടില്ല
അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ കോടതി ഇടപെടരുത്. കേസുകൾ റദ്ദാക്കണമെന്ന ഹർജികൾ അപക്വമാണ്. ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. സംസ്ഥാനത്തെ അന്വേഷണ ഏജൻസിയെ അവിശ്വസിക്കുന്നത് ശരിയല്ല
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിൽ ആരുടെ ശബ്ദമാണ്, എങ്ങനെയാണ് പുറത്തുവന്നത്, ഇതിൽ പറയുന്നത് സത്യമാണോ എന്നിവയാണ് അന്വേഷിക്കുന്നത്. ശബ്ദരേഖയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമില്ല
കേസുകൾ റദ്ദാക്കുകയോ സി.ബി.ഐക്കുവിടുകയോ വേണമെന്ന ഇ.ഡിയുടെ ആവശ്യം പരസ്പരവിരുദ്ധമാണ്. പ്രതികൾക്കോ ആരോപണവിധേയർക്കോ ഏതുതരം അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല
ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ , സന്ദീപിന്റെ മൊഴി
വെളിപ്പെടുത്താനാവില്ല
കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയില്ല
കൊച്ചി: സന്ദീപ് നായരുടെ മൊഴിയിൽ ഇ.ഡി ഉദ്യോഗസ്ഥരുടെ കുറ്റകരമായ പ്രവൃത്തികളെക്കുറിച്ച് വിവരങ്ങളുണ്ടെന്നും ഹർജിക്കാരനായ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണന് ഉന്നത സ്വാധീനവും അധികാരവുമുള്ളതിനാൽ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന സന്ദീപിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കാൻ രാധാകൃഷ്‌ണൻ നൽകിയ ഹർജിയിൽ എ.ഡി.ജി.പി എസ്. ശ്രീജിത്താണ് സത്യവാങ്മൂലം നൽകിയത്.
ഇ.ഡി അന്വേഷിക്കുന്ന സ്വർണക്കടത്തിന്റെ വിവരങ്ങളോ വസ്തുതകളോ സന്ദീപ് നൽകിയ മൊഴിയിലില്ല. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം കോടതി അനുവദിച്ചിരുന്നു. കോലഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ തടസപ്പെടുത്താനാണ് ഇ.ഡിയുടെ ഹർജി. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ പുറത്തുവരുമെന്നതിനാലാണ് ഇത്തരമൊരു നീക്കമെന്ന് സംശയിക്കണമെന്നും പറയുന്നു.
കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ, എതിർകക്ഷികൾക്കെതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശത്തിനു വിരുദ്ധമായി കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ കൊച്ചി ഡി.സി.പി വിളിച്ചുവരുത്തിയെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉപദ്രവിച്ചെന്നാരോപിച്ച് പ്രോട്ടോക്കോൾ ഒാഫീസർ എം.എസ്. ഹരികൃഷ്ണൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ലാലുവിനെ ഫോണിൽ വിളിച്ചിരുന്നു. ഹരികൃഷ്ണൻ ഡി.ജി.പിക്ക് മാർച്ച് മൂന്നിനു നൽകിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറി. അന്വേഷണച്ചുമതലയുള്ള ഡി.സി.പി കാശ്മീരിൽ പരിശീലനത്തിനു പോയിരുന്നതിനാൽ മാർച്ച് 27ന് തിരിച്ചെത്തിയശേഷമാണ് പരാതി പരിഗണിച്ചത്. നിജസ്ഥിതി അറിയാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും അസൗകര്യമുണ്ടെന്ന് ലാലു അറിയിച്ചെന്നും കേസുമായി ക്രൈംബ്രാഞ്ചിന് ബന്ധമില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.