sslc

കൊച്ചി: ആദ്യദിനം കൂൾ... ഇന്നലെ നടന്ന എസ്.എസ്.എൽ.സി ഭാഷ പരീക്ഷകൾ എളുപ്പമായതിന്റെ ഡബിൾ ഹാപ്പിയിലാണ് കുട്ടികൾ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്.

ഓൺലൈനിലൂടെ ആരംഭിച്ച എസ്.എസ്.എൽ.സി ക്ലാസുകൾ പരീക്ഷയോട് അടുത്തപ്പോൾ വിദ്യാർത്ഥികൾ അല്പം ഭയന്നെങ്കിലും ഇന്നലത്തെ പരീക്ഷ കഴിഞ്ഞതോടെ ആശ്വാസത്തിലാണ് കുട്ടികൾ.

പരീക്ഷ നന്നായിരുന്നുവെങ്കിലും മോഡൽ പരീക്ഷ ആയിരുന്നു കുറച്ചുകൂടി എളുപ്പം എന്നും അഭിപ്രായമുണ്ട്. കുറച്ച് ആലോചിച്ച് എഴുതാനുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതിനാൽ കുറച്ച് സമയം എടുത്തത് ഒഴിച്ചാൽ നന്നായി മാർക്ക് നേടാൻ പറ്റുന്ന ചോദ്യങ്ങളായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

പരീക്ഷ അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപ് തന്നെ സ്കൂളുകളുടെ ഗേറ്റിന് മുൻപിൽ മാതാപിതാക്കളും ഓട്ടോറിക്ഷക്കാരും നിറഞ്ഞിരുന്നു. കൊവിഡ് കാലത്തു നടക്കുന്ന പരീക്ഷ ആയതിനാൽ മാതാപിതാക്കൾ അതീവശ്രദ്ധയോടെയാണ് വിദ്യാർത്ഥികളെ കൊണ്ടുവന്നതും.

ആദ്യദിനം അടിപൊളി ആയിതനാൽ ഇനിയുള്ള പരീക്ഷകളും എളുപ്പമായാൽ മതി എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. റെഗുല‌ർ ക്ലാസുകളുടെ എണ്ണം കുറവായിരുന്നതിനാൽ അദ്ധ്യാപകർ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് എത്തിയ അദ്ധ്യാപകരും കർക്കശക്കാരല്ലാതിരുന്നത് വലിയ ആശ്വാസമായതായും വിദ്യാർത്ഥികൾ പറഞ്ഞു.

ജില്ലയിൽ 32,598 വിദ്യാർത്ഥികളിൽ മൂന്നുപേർ പരീക്ഷ എഴുതിയില്ല. കൊവിഡ് ബാധിതരായിരുന്ന 11 വിദ്യാ‌ർത്ഥികൾ പരീക്ഷ എഴുതി.

 സംസ്കൃതം എളുപ്പം

പരീക്ഷ എളുപ്പമായിരുന്നു. സംസ്കൃതമാണ് ഞാൻ എടുത്തിരിക്കുന്നത്. പേടിച്ച അത്രയും പാടുള്ള ചോദ്യം ഒന്നും ഉണ്ടായിരുന്നില്ല. അദ്ധ്യാപകർ പരീക്ഷയ്ക്ക് മുൻപായി വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. അത് ഫോളോ ചെയ്താണ് പഠിച്ചത്. അത് വളരെ ഉപകാരപ്പെട്ടു.

മാളവിക എ.വി

 മലയാളം കുഴപ്പിച്ചില്ല

മലയാളം പരീക്ഷ പേടിപ്പിച്ച അത്രയും കുഴപ്പിച്ചില്ല. കൃത്യമായി ചോദ്യം മനസിലാക്കി വായിച്ചാൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകും. ഓടിച്ചു വായിക്കുമ്പോഴാണ് ചോദ്യം മനസിലാകാതെ വരുന്നതും സമയം പോകുന്നതും. മലയാളം പരീക്ഷ ഒരുപാട് എഴുതാനുള്ളതിനാൽ സമയം വളരെ കുറവായിരിക്കും. ഇത് മാനേജ് ചെയ്തുവേണം എഴുതാൻ. നല്ല മാർക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റുപരീക്ഷകളും എളുപ്പം ഉള്ളതായാൽ മതി എന്നാണ് പ്രാർത്ഥന.

എം. ആതിര

 പേടി മാറി, ആശ്വാസമായി

ആദ്യത്തെ പരീക്ഷ ആയതുകൊണ്ടു നല്ല പേടി ഉണ്ടായിരുന്നു. ചോദ്യപേപ്പർ കൈയിൽ കിട്ടിയപ്പോഴാണ് ആശ്വാസമായത്. നന്നായി എഴുതാൻ പറ്റി. നല്ല മാർക്കു ലഭിക്കും.

ആമിന ഫർഹ