മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് ദിവസം വാളകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻ പറഞ്ഞു. മൂവാറ്റുപുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിനെയാണ് വാളകം മേക്കടമ്പ് നെയ്ത്തുശാല പടി 34-ാം നമ്പർ ബൂത്തിൽ ആറാംതീയതി രാത്രി ഏഴേകാലോടെ ഒരു കൂട്ടംആളുകൾ ആക്രമിച്ചത്. അക്രമം നടന്ന് മൂന്നു ദിവസമായിട്ടും പ്രതികളെ ഒരാളെപ്പോലും പിടിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരെ പ്രതികളാക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് മാത്യു ആരോപിച്ചു. മുതിർന്ന ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.എ ബഷീറിന് നേരെയും കൈയേറ്റശ്രമം നടന്നു. പൊലീസിന്റെഏകപക്ഷീയ നിലപാടുകൾക്കെതിരെ ശക്തമായ നിയമ - സമര പരിപാടുകളുമായി മുമ്പോട്ടുപോകും. സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിൽ വാഴപ്പിള്ളിയിൽ പ്രശ്നങ്ങളുണ്ടാക്കിയത് ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലാണെന്നും നേതാക്കൾ ആരോപിച്ചു. കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ,യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.എം. അമീർ അലി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ. സലീം ഹാജി, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് , മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, യു.ഡി.എഫ് സെക്രട്ടറി ടോമി പാലമല , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി , അസംബ്ലി മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ , റിയാസ് താമരപ്പിള്ളി ഷാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.