കൊച്ചി: ചൂടുവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് തണുപ്പിച്ച് കുടിക്കുന്ന പരിപാടി ഇനി വേണ്ട. ആഘോഷപരിപാടികൾക്ക് ലഭിക്കുന്ന വെൽക്കം ഡ്രിങ്കുകളും പുറത്തുനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും ഒഴിവാക്കുക.

വേനലിന്റെ കാഠിന്യം കൂടുകയാണ്. ഒപ്പം പകർച്ചവ്യാധി ഭീഷണിയും വർദ്ധിക്കുന്നു. ഷിഗെല്ല ഉൾപ്പെടെ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

 പകർച്ചവ്യാധികൾ പടരുന്നു

ഈവർഷം ജില്ലയിൽ 6887 പേർക്ക് വയറിളക്കരോഗങ്ങൾ പിടിപെട്ടു

മഞ്ഞപ്പിത്തം -11

ഹെപ്പറ്റൈറ്റിസ് എ -9

ഷിഗല്ല - 5

ടൈഫോയ്ഡ് - 14

തൃക്കാക്കര (92 ), ചെല്ലാനം (26 ), അയ്യമ്പുഴ (26 ), കൊച്ചി (82 ) എന്നിവിടങ്ങളിലാണ് വയറിളക്ക രോഗങ്ങൾ പടർന്നുപിടിച്ചത്. മഞ്ഞപ്പിത്തം ഒക്കലിലും വാഴക്കുളം, കറുകുറ്റി, കാലടി, മരട് എന്നിവിടങ്ങളിൽ ഷിഗെല്ലയും റിപ്പോർട്ട് ചെയ്യപ്പെട്ടു. മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം എന്നിവ രോഗം പടരാൻ വഴിവയ്ക്കും.

 വൈദ്യസഹായം തേടുക

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം സംഭവിക്കാം. രോഗലക്ഷണങ്ങളുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കട്ടികഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തയ്യാറാക്കിയ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം എന്നിവ കുടിക്കുക.

മലത്തിൽ രക്തം, അതിയായ വയറിളക്കം, കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്‌മാരം എന്നിവ ഉണ്ടായാൽ അടിയന്തര വൈദ്യസഹായം തേടണം
ദിവസങ്ങൾ നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ ലക്ഷണങ്ങൾ.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

 പ്രതിരോധമാർഗങ്ങൾ
• നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
• കിണർ വെള്ളം പതിവായി ക്ലോറിനേറ്റ് ചെയ്യുക.
• ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക
• പഴകിയ ഭക്ഷണം കഴിക്കരുത്.
• ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക.
• ആഹാരത്തിന് മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും രോഗീപരിചരണത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുക.