കാലടി: പത്തുലക്ഷത്തോളം രൂപയുടെ ലോൺ തിരിമറിയും പ്രളയലോൺ തട്ടിപ്പും നടത്തിയെന്ന ആരോപണത്തെ തു‌ടർന്ന് മലയാറ്റൂർ-നീലീശ്വരം സി.ഡി.എസ് ചെയർപേഴ്സൺ സജിനി സന്തോഷിനെ തത്‌സ്ഥാനത്തുനിന്ന് ജില്ലാമിഷൻ പുറത്താക്കി.

മധുരിമ കുടുംബശ്രീ പ്രസിഡന്റുകൂടിയായ സജിനി അംഗങ്ങൾ അറിയാതെ കൂടുതൽ തുക ലോണെടുത്ത് തിരിമറി നടത്തിയെന്നാണ് ആരോപണം. അംഗങ്ങൾ തിരിച്ചടവായി 2018 മുതൽ കൊടുത്തതുക ബാങ്കിൽ അടയ്ക്കാതെ കൈവശംവച്ച് വിനിയോഗിച്ചുവെന്നാണ് പരാതി. നീലീശ്വരം യൂണിയൻ ബാങ്കിൽനിന്നുലഭിച്ച ലോൺ കുടിശിക നോട്ടീസ് കൈപ്പറ്റിയ അംഗങ്ങളാണ് സജിനിയുടെ കള്ളക്കളി കണ്ടെത്തി പഞ്ചായത്തിൽ പരാതി കൊടുത്തത്. ഇതിനെത്തുടർന്ന് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും സി.ഡി.എസ് അംഗങ്ങളും പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരണവും നടത്തിയിരുന്നു.

തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന അന്വേഷണ നടപടി സ്വീകരിക്കാൻ കുടുബശ്രീ ജില്ലാ മിഷന് പ്രമേയം പാസാക്കി നൽകി. അന്വേഷത്തിൽ തട്ടിപ്പ് ബോദ്ധ്യപ്പെട്ടതിനാലാണ് ജില്ലാമിഷൻ നടപടി സ്വീകരിച്ചത്. വൈസ് ചെയർപേഴ്സൺ ജനത പ്രദീപിന് അധികാരം കൈമാറണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ജില്ലാ മിഷനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സജിനി സന്തോഷ് മത്സരിച്ചെങ്കിലും വിജയിച്ചില്ല.