market
ആലുവ മാർക്കറ്റിന് സമീപം നഗരസഭ ഭൂമിയുടെ മതിൽ പൊളിച്ച നിലയിൽ

ആലുവ: തിരഞ്ഞെടുപ്പിന്റെ മറവിൽ അഞ്ചടിയിലേറെ ഉയരമുള്ള കരിങ്കല്ല് മതിൽ തകർത്ത് നഗരസഭ ഭൂമി കൈയേറിയതായി പരാതി. ആലുവ മാർക്കറ്റ് റോഡിന് അഭിമുഖമായി അടുത്തിടെ നിർമ്മിച്ച രണ്ട് നില കെട്ടിടത്തിന്റെ പിൻവശം ദേശീയപാതയുടെ സമാന്തരറോഡിന് അഭിമുഖമാക്കുന്നതിനാണ് നഗരസഭയുടെ മതിൽ പൊളിച്ച് ഭൂമി കൈയേറിയത്.

മെട്രോ റെയിൽ നിർമ്മിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന നഗരസഭാ കെട്ടിടം കൊച്ചി മെട്രോ ഏറ്റെടുത്തിരുന്നു. അവശേഷിച്ച മൂന്ന് മീറ്ററോളം വീതിയും 25 മീറ്ററോളം വീതിയുമുള്ള സ്ഥലമാണ് കൈയേറിയത്. ദേശീയപാതയുടെ സമാന്തര റോഡിന് അഭിമുഖമായി നഗരസഭ ഭൂമിയുടെ അതിർത്തിതിരിച്ചിരുന്ന കരിങ്കല്ല് മതിൽ കഴിഞ്ഞദിവസം ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. നഗരസഭ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം തിരഞ്ഞെടുപ്പ് തിരക്കിലായതിന്റെ മറപിടിച്ചായിരുന്നു കൈയേറ്റം. ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മൗനാനുവാദം നൽകിയതായി സൂചനയുണ്ട്.

രണ്ടുവർഷം മുമ്പ് ഇവിടെ ഐ.എൻ.ടി.യു.സിയിൽപ്പെട്ട ചുമട്ടു തൊഴിലാളികൾ വിശ്രമകേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് ഷെഡ് നിർമ്മിച്ചെങ്കിലും പ്രതിഷേധം ഉയർന്നതോടെ ശ്രമം ഉപേക്ഷിച്ചു. ഈ ഭൂമിയാണ് ഇപ്പോൾ കൈയേറിയത്. നഗരസഭാ കെട്ടിടം മെട്രോ ഏറ്റെടുത്ത് പൊളിച്ചതിനെ തുടർന്ന് ഒഴിപ്പിക്കപ്പെട്ട ചുമട്ടുതൊഴിലാളികളാണ് അന്ന് വിശ്രമകേന്ദ്രം സ്ഥാപിക്കാൻ നീക്കം നടത്തിയത്.

പ്രതിഷേധവുമായി ബി.ജെ.പി

നഗരസഭ ഭൂമി കൈയേറിയ വ്യക്തിക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ, മുനിസിപ്പൽ പ്രസിഡന്റ് ആർ. സതീഷ്‌കുമാർ, ജനറൽ സെക്രട്ടറി ജോയ് വർഗീസ്, വൈസ് പ്രസിഡന്റ് പത്മകുമാർ, കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി എന്നിവർ സ്ഥലം സന്ദർശിച്ചു. നഗരസഭാ സെക്രട്ടറിക്ക് ബി.ജെ.പി പരാതി നൽകി.

കൈയേറ്റം അറിഞ്ഞില്ല

മാർക്കറ്റിന് സമീപം മതിൽ പൊളിച്ച് നഗരസഭ ഭൂമി കൈയേറിയത് അറിഞ്ഞില്ല. നഗരസഭ ഭൂമി ആര് കൈയേറിയാലും തിരിച്ചുപിടിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് റവന്യൂ രേഖകൾ പരിശോധിക്കും.

എം.ഒ. ജോൺ

മുനിസിപ്പൽ ചെയർമാൻ