road
തകർന്നു തരിപ്പണമായി കിടക്കുന്ന നെല്ലാട് റോഡ്

കോലഞ്ചേരി: കിഴക്കമ്പലം നെല്ലാട് റോഡ് ഗതാഗതയോഗ്യമാക്കാൻ കോടതി നിർദ്ദേശം വന്നിട്ടും പ്രാരംഭപ്രവർത്തനങ്ങൾക്കുപോലും നടപടിയായില്ല. തിരഞ്ഞെടുപ്പിനിടയിലാണ് കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെടുത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. റോഡിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതായി കാണിച്ച് വി.പി. സജീന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശയുടേതാണ് ഉത്തരവ്. ഇതേ റോഡിന്റെ മനക്കക്കടവ് മുതൽ പള്ളിക്കര വരെയും പട്ടിമ​റ്റം മുതൽ പത്താംമൈൽ വരെയും ബി.എം ബി.സി. നിലവാരത്തിൽ റോഡ് നിർമ്മാണം ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൂർത്തിയാക്കിയിരുന്നു. എന്നാൽ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാതെ കരാറുകാരൻ റോഡ് നിർമ്മാണം ഉപേക്ഷിക്കുന്നതിനുള്ള നീക്കത്തിലാണെന്നായിരുന്നു വാദം. രണ്ട് മാസത്തിനകം റോഡ് ബി.എം നിലവാരത്തിൽ ആക്കണമെന്നാണ് കോടതി വിധി. എന്നാൽ ഇപ്പോഴും റോഡിൽ കുഴികൾ പഴയപടിയാണ്. ഇടയ്ക്കൊന്ന് ഓട്ടയടച്ചൊതൊഴിച്ചാൽ റോഡിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല.

ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴിയിൽ മെ​റ്റലിട്ട് മുകളിൽ മണ്ണും നിറച്ചതോടെ റോഡ് മുഴുവൻ ചെളിക്കുളമായി. കാൽനട യാത്രപോലും ദുസ്സഹമാക്കി റോഡിൽ ചെളി നിറഞ്ഞതോടെ റോഡിന്റെ അവസ്ഥ പഴയതിലും കഷ്ടമായി. കുഴികളിലിട്ട മെ​റ്റൽ വലിയ വാഹനങ്ങൾ കയറിയിറങ്ങുതോടെ ഇളകി റോഡിൽ കൂടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ തെന്നിമറിയാനും സാദ്ധ്യതയേറി.

മലയോര മേഖലകളിൽ നിന്ന് ജില്ലാ ആസ്ഥാനത്തേയ്ക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. റോഡ് ബി.എം ബി.സി നിലവാരത്തിൽ അ​റ്റകു​റ്റപ്പണി പൂർത്തിയാക്കാനായി 32.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.