കൊച്ചി: വേനൽച്ചൂടേറ്റ് ശരീരവും മനസും തളർന്ന് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകാൻ എറണാകുളം മോട്ടോർ തൊഴിലാളി യൂണിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പച്ചാളം ജംഗ്ഷനിൽ സംഭാരവിതരണം ആരംഭിച്ചു. കോർ പവർ സിസ്റ്റംസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ഗ്ലോബൽ ബഷീർ ഡിവിഷൻ കൗൺസിലർ വി.വി. പ്രവീണിന് സംഭാരം നൽകി ഉദ്ഘാടനം ചെയ്തു. ജോലിയില്ലാതെ കഷ്ടപ്പെടുന്ന മോട്ടോർ തൊഴിലാളികൾക്കുള്ള തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മുൻ ബസ് കണ്ടക്ടർ സുധാകരന് സാമ്പത്തികസഹായം നൽകി. കോർ പവർ സിസ്റ്റംസ് ലിമിറ്റഡ് ഡയറക്ടർ ആൻഡ് സി.ഇ.ഒ അബ്ദുൽ സലാം സഫ്രി, ഡയറക്ടറും സിനിമാനടനുമായ കുമരകം രഘുനാഥ്, കൗൺസിലർ വി.വി. പ്രവീൺ എന്നിവർ സംസാരിച്ചു. എറണാകുളം മോട്ടോർ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വില്ലറ്റ് കൊറയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്‌സിംഗ് നന്ദിയും പറഞ്ഞു.