കൊച്ചി: കുതിരാനിൽ നിർമ്മാണത്തിലിരിക്കുന്ന ഇരട്ട ടണലിൽ ഒരെണ്ണം എന്നു പൂർത്തിയാകുമെന്നും ഏതുതരത്തിലുള്ള വിദഗ്ദ്ധ പരിശോധനയാണ് നടത്തുന്നതെന്നും വ്യക്തമാക്കാൻ ഹൈക്കോടതി ദേശീയപാതാ അതോറിട്ടിക്ക് നിർദ്ദേശം നൽകി. കുതിരാനിലെ ടണൽ നിർമാണം വൈകുന്നതിനെതിരെ ചീഫ് വിപ്പ് കെ. രാജനും ഷാജി ജെ. കോടങ്കണ്ടത്തും നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
ടണലുകളിൽ ഒന്ന് മാർച്ച് 31നകം തുറന്നു നൽകുമെന്ന് നിർമ്മാണക്കരാറെടുത്ത തൃശൂർ എക്സ്‌പ്രസ്‌വേ കമ്പനി ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നു. സുരക്ഷാ പരിശോധന നടക്കുകയാണെന്നും ഇതു പൂർത്തിയാക്കുന്ന മുറയ്ക്ക് ടണൽ തുറന്നു കൊടുക്കുമെന്നും ഇന്നലെ കമ്പനിയുടെ അഭിഭാഷകൻ അറിയിച്ചു.
പൊതുജനങ്ങൾക്ക് ടണൽ തുറന്നു കൊടുക്കുകയെന്നതാണ് പ്രധാനമെന്നും എന്നു തുറന്നുകൊടുക്കുമെന്ന് കമ്പനിക്കു പറയാൻ കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ ദേശീയപാതാ അതോറിട്ടിക്ക് നിർദ്ദേശം നൽകിയത്. ഹർജികൾ മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. 11 വർഷം മുൻപ് കരാർ നൽകിയ തുരങ്കത്തിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായില്ലെന്നും ഹൈക്കോടതി ഇടപെട്ട് നിർദ്ദേശങ്ങൾ നൽകണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.