കൊച്ചി: ഒാൺലൈൻ റമ്മി നിരോധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഹർജികൾ മേയ് 20 നു വീണ്ടും പരിഗണിക്കാൻ മാറ്റി. ഹരിയാനയിലെ ജംഗ്ളീ ഗെയിംസ് ഇന്ത്യ കമ്പനിയടക്കം നൽകിയ ഹർജികളിൽ സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഒാൺലൈൻ റമ്മി നിയമ വിരുദ്ധമായതോടെ തങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സാദ്ധ്യതയുണ്ടെന്നും, ഇതു പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും ഇൗ സാഹചര്യങ്ങളിൽ മദ്ധ്യവേനലവധിക്കാലത്തും കോടതിയെ സമീപിക്കാനാകുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 23 നാണ് കേരള ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്തി ഒാൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതോടെ തങ്ങളുടെ രജിസ്ട്രേഷൻ സ്വീകരിക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ പരാതി. റമ്മി കളി ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കഴിവ് അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹർജിക്കാർ പറയുന്നു. സർക്കാരിന്റെ പുതിയ വിജ്ഞാപനത്തിൽ ഒാൺലൈൻ റമ്മിയെ ചൂതാട്ടത്തിന്റെ പരിധിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു.