mao

കൊച്ചി: മാവോയിസ്റ്റുകൾക്കെതിരെ കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികളുടെ ജാഗ്രതാനിർദ്ദേശം. നാലു വർഷത്തിനിടെ 510 പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർ കീഴടങ്ങുകയും ചെയ്ത പ്രതിസന്ധി തടയാൻ ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ സേനകൾക്കെതിരെ നടത്തിയ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, കേരളം ഉൾപ്പെടുന്ന 'റെഡ് കോറിഡോർ' പ്രദേശത്ത് വീണ്ടും മാവോയിസ്റ്റ് ആക്ഷന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണിത്.

റെഡ് കോറിഡോർ

നേപ്പാളിലെ ചില പ്രദേശങ്ങളിൽ തുടങ്ങി ബീഹാർ, ബംഗാൾ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലൂടെ കേരളത്തിൽ അവസാനിക്കുന്നതാണ് റെഡ് കോറിഡോർ. ഈ പ്രദേശങ്ങളിലെ ആദിവാസി, പിന്നാക്ക മേഖലകളിലാണ് മാവോയിസ്റ്റുകളുടെ സജീവ സാന്നിദ്ധ്യം. ഈ പ്രദേശങ്ങളിൽ അംഗങ്ങൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നതും അധികൃതർക്ക് മുമ്പാകെ കീഴടങ്ങുന്നതുമാണ് കടുത്ത നടപടികൾക്ക് മാവോയിസ്റ്റുകളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3,373 പേരാണ് കീഴടങ്ങിയത്. മാവോയിസ്റ്റുകളുടെ സ്വാധീനം ദേശീയതലത്തിൽ 63 ജില്ലകളിലായി ഒതുങ്ങിയതും അവർ ആക്ഷൻ സജീവമാക്കാൻ കാരണമായി. ചൈന, മെക്സിക്കോ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇവർക്ക് ആയുധങ്ങൾ ലഭിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.

കേരളത്തിൽ ചുമതല

രണ്ട് മാവോയിസ്റ്റുകൾക്ക്

കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കുപ്പു ദേവരാജൻ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ട (അജിത, സി.പി. ജലീൽ, മണിവാസകം, അരവിന്ദ്, രമ, കാർത്തിക്, വേൽമുരുകൻ) കേരളത്തിൽ രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി പ്രവർത്തനം ശക്തമാക്കുകയാണ് മാവോയിസ്റ്റുകൾ. നിലവിൽ പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയായ കേന്ദ്ര കമ്മിറ്റി അംഗം ഡി.ജി. കൃഷ്ണമൂർത്തി, മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവു എന്നിവർക്കാണ് പുതിയ ചുമതല. കൃഷ്ണമൂർത്തി കർണാടക സ്വദേശിയും സഞ്ജയ് ആന്ധ്ര സ്വദേശിയുമാണെന്നറിയുന്നു.