പറവൂർ: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ബോംബ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പേർക്ക് തടവുശിക്ഷ. മുനമ്പം കുറിഞ്ഞിപറമ്പിൽ അഭിനന്ദ് (40), കാരോളിൽ ഹരീഷ് (42), അല്ലപ്പറമ്പിൽ രതീഷ് (38), കൈതവളപ്പിൽ കൃഷ്ണനുണ്ണി (40), മാഠത്തിങ്കൽ ഷിനോയ് (38), കൊച്ചനകത്ത് ധനുത്ത് (38) എന്നിവർക്കാണ് പറവൂർ അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജ‍ഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി ഹരീഷിന് പത്ത് വർഷം തടവും 25000 രൂപ പിഴയും മറ്റുള്ളവർക്ക് ഏഴ് വർഷം തടവും 25000 രൂപ വീതം പിഴയുമാണ് ശിക്ഷ. കേസിലെ ഒന്നാം പ്രതി കുറിഞ്ഞിപ്പറമ്പിൽ അഭിലാഷ് 2005ൽ ചെറായി പാടത്തുവച്ചു കൊല്ലപ്പെട്ടിരുന്നു.

അഭിലാഷ് കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുനമ്പം അറമിപ്പറമ്പിൽ കൃഷ്ണകുമാർ (മുനമ്പം കൃഷ്ണൻ), സഹോദരൻ ബൈജു, കോവിലകത്തുംകടവ് ജ്യോതിഷ് എന്നിവരെ മുനമ്പം ഐ.ആർ വളവിൽ വച്ചു ബോംബ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ജ്യോതിഷ് പിന്നീട് പറവൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കേസിലെ ഒന്നാം പ്രതിയായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസിൽ മുനമ്പം കൃഷ്ണൻ മറ്റു കൂട്ടുപ്രതികൾക്കൊപ്പം വിയ്യൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.