പറവൂർ: എച്ച്.ഡി.എഫ്.സി ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ സമ്മേളനം നാളെ (ശനി) പറവൂർ ഗേറ്റ് വേ റെസിഡൻസിയിൽ നടക്കും. രാവിലെ പത്തിന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് എസ്.എസ്. പിള്ള അദ്ധ്യക്ഷത വഹിക്കും. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, എച്ച്.ഡി.എഫ്.സി ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. സരോജിനി ഭായ് എന്നിവർ മുഖ്യാതിഥികളാകും.
അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം വിതരണം ചെയ്യും. വിരമിച്ച മുതിർന്ന ജീവനക്കാരെ ആദരിക്കും. എംപ്ലോയീസ് വെൽഫെയർ സൊസൈറ്റി വാർഷികം ഇതോടൊപ്പം നടക്കുമെന്ന് ദേശീയ പ്രസിഡന്റ് എസ്.എസ്. പിള്ള, ജനറൽ സെക്രട്ടറി കെ. മണികണ്ഠൻ, ജി. സുരേഷ് ബാബു, ഡി. സതീഷ്ചന്ദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.