navy-

കൊച്ചി: ദക്ഷിണ നാവികത്താവളം സംഘടിപ്പിച്ച വഞ്ചിതുഴയൽ മത്സരത്തിൽ ആന്റി സബ് മറൈൻ വാർഫെയർ, ഡൈവിംഗ് സ്കൂൾ, ഐ.എൻ.എച്ച്എസ്. സഞ്ജീവനി, സർവേ ഷിപ്പ് എന്നിവ ഉൾപ്പെട്ട ടീം വിജയികളായി. സിഗ്നൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

പരമ്പരാഗതശൈലിയിലാണ് വഞ്ചി തുഴയൽ മത്സരം സംഘടിപ്പിച്ചത്. നാലു വിഭാഗങ്ങളിലായിരുന്നു മത്സരം. നാവികത്താവളത്തിന് സമീപത്തെ എറണാകുളം ചാനലിൽ വെണ്ടുരുത്തി വിക്രാന്ത് പാലം മുതൽ അംബ ജെട്ടി വരെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് ആവേശകരമായ മത്സരം നടന്നത്.

നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നാവികത്താവളം സംഘടിപ്പിക്കുന്ന പ്രധാനപ്പെട്ട പരമ്പരാഗത കായികമത്സരമാണ് വഞ്ചിതുഴയൽ. 17 അടി നീളമുള്ള വള്ളങ്ങളാണ് ഉപയോഗിക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് കോഴിയുടെ രൂപമാണ് സമ്മാനമായി നൽകുന്നത്.