കൊച്ചി: തിരഞ്ഞെടുപ്പിന്റെ ചൂട് കെട്ടടങ്ങും മുൻപേ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയും തമ്മിലടിയും മുറുകി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബുവിനെതിരെ പ്രവർത്തിച്ച മുതിർന്ന നേതാവും മുൻ കൗൺസിലറുമായ എ.ബി. സാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. പ്രചാരണത്തിന്റെ തുടക്കത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തി രംഗത്തെത്തിയ സാബു തിരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ പ്രസ്താവന ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ആക്ഷേപം.
ബി.ജെ.പിയെയും ഇടതുമുന്നണിയെയും സഹായിക്കുന്ന നിലപാട് സ്വീകരിച്ച സാബുവിനെതിരെ നടപടി വേണമെന്ന് ഇന്നലെ നടന്ന യോഗത്തിൽ ആവശ്യം ഉയർന്നു. സാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി യോഗം കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയവും ഏകകണ്ഠമായി പാസാക്കി.
തഴഞ്ഞതിൽ പ്രതിഷേധം
തൃപ്പൂണിത്തുറ സ്ഥാനാർത്ഥി സാദ്ധ്യത പട്ടികയിൽ കെ. ബാബുവിനൊപ്പം സാബുവിനെയും മുൻ മേയർ സൗമിനി ജെയിനിനെയും പരിഗണിച്ചിരുന്നു. 40 വർഷത്തോളം പാർട്ടിയെ സേവിച്ച തനിക്ക് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്നും ഇത്തവണ മത്സരിക്കാൻ അവസരം നൽകണമെന്നായിരുന്നു സാബുവിന്റെ ആവശ്യം. അവസാന നിമിഷത്തിൽ കോൺഗ്രസ് നേതൃത്വം കെ. ബാബുവിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് സാബുവിന് തിരിച്ചടിയായി. ഉമ്മൻചാണ്ടിയുടെ പല രഹസ്യങ്ങളും അറിയുന്നതുകൊണ്ടാണ് ബാബുവിന് സീറ്റ് ലഭിച്ചതെന്ന് എ.ബി.സാബുവും മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാറും വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പ്രതിഷേധസൂചകമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ഇരുവരും വിട്ടുനിന്നു. പ്രചാരണരംഗത്തില്ലാത്ത ആദ്യ തിരഞ്ഞെടുപ്പെന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ടതും കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചു. ബാബുവിനെതിരായ വിജിലൻസ് അന്വേഷണം അവസാനിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി തിരഞ്ഞെടുപ്പിന് തലന്നേ് രംഗത്തെത്തിയത് പാർട്ടിക്ക് ക്ഷീണമായി. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടും പാർട്ടി നേതൃത്വം മൗനംപാലിക്കുകയായിരുന്നു.
യു.ഡി.എഫ് തിരിച്ചുവരുമെന്ന് കെ.ബാബു
കേരളത്തിൽ യു.ഡി.എഫ് ഭരണം തിരിച്ചുവരുമെന്നും തൃപ്പൂണിത്തുറയിൽ വിജയക്കൊടി പാറിക്കുമെന്നും കെ. ബാബു പറഞ്ഞു. യു.ഡി.എഫ് തൃപ്പൂണിത്തുറ മണ്ഡലം തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വിജയത്തിനായി പ്രവർത്തിച്ച അണികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. പതിനായിരം വോട്ടുകൾക്ക് ജയിക്കുമെന്ന് യോഗം വിലയിരുത്തി