കൊച്ചി: കേരളത്തിൽ പുതിയ നിയമസഭ വരാനിരിക്കെ ,നിലവിലെ നിയമസഭാംഗങ്ങളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമല്ലെന്ന കേന്ദ്ര സർക്കാരിന്റെ കത്തും തുടർന്നുള്ള നിയമോപദേശവും പരിഗണിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു.
രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഏപ്രിൽ 21ന് മുമ്പ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വിജ്ഞാപനമിറക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.നിലവിലെ നിയമസഭയുടെ കാലാവധി കഴിയും മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്താൻ തിഞ്ഞെടുപ്പ് കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയും എസ്. ശർമ്മ എം.എൽ.എയും നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്.
കാലാവധി കഴിയാറായ അസംബ്ളിയിലെ അംഗങ്ങളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും, തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ വിശദീകരിച്ചു. വാദം പൂർത്തിയായതിനെത്തുടർന്ന് ജസ്റ്റിസ് പി.വി. ആശ ഹർജികൾ വിധി പറയാൻ മാറ്റി.
ഏപ്രിൽ 12 ന് രാജ്യസഭാ തിരഞ്ഞെടുപ്പു നടത്താൻ സമയക്രമം നിശ്ചയിച്ച് മാർച്ച് 17 ന് കമ്മിഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. പിന്നീട് കേന്ദ്ര നിയമമന്ത്രാലയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു മരവിപ്പിച്ച് മാർച്ച് 24 ന് ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരുടെ
വാദം
₹കേന്ദ്രസർക്കാരിന്റെ കത്തും നിയമോപദേശവും സ്വീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് ബാദ്ധ്യതയില്ല.
₹ഏപ്രിൽ 21നകം വിജ്ഞാപനം വരുമ്പോൾ തുടർന്നുള്ള ഒരാഴ്ചയ്ക്കകം നിലവിലെ അംഗങ്ങൾ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യേണ്ടി വരും.
₹തിരഞ്ഞെടുപ്പു വൈകുമെന്നതിനാൽ നാമനിർദ്ദേശം ചെയ്യുന്നവർക്ക് വോട്ടിംഗിൽ പങ്കെടുക്കാൻ കഴിയാതെ വരും.
കാലാവധി കഴിയുന്ന എം.എൽ.എമാർ
വോട്ട്ചെയ്യുന്നത് ജനഹിതമല്ലെന്ന് കേന്ദ്രം
കൊച്ചി: രാജ്യസഭാംഗങ്ങളെ പുതിയ നിയമസഭാംഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും, കാലാവധി കഴിയുന്ന അംഗങ്ങൾ ഇതു ചെയ്യുന്നത് ജനഹിതമല്ലെന്നും കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടതായി ഇലക്ഷൻ കമ്മിഷൻ ഹൈക്കോടതിയിൽ നൽകിയ അഡിഷണൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
സ്റ്റേറ്റ്മെന്റിൽ നിന്ന്
കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ നിയമസഭയിലെത്തുന്ന പുതിയ അംഗങ്ങൾ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി മാർച്ച് 23 ന് കേന്ദ്ര നിയമമന്ത്രാലയം കത്തു നൽകി. കാലാവധി കഴിയാറായ അംഗങ്ങളുടെ വോട്ടിംഗിലൂടെ ജനഹിതം പ്രതിഫലിക്കാനിടയില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു.
പുതിയ നിയമസഭ നിലവിൽ വന്നശേഷം രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പു നടത്തിയാൽ മതിയെന്നായിരുന്നു തുടർന്ന് ലഭിച്ച നിയമോപദേശം. നിലവിലെ മൂന്നംഗങ്ങളുടെയും രാജ്യസഭയിലെ കാലാവധി ഏപ്രിൽ 21 വരെയുണ്ട്. അതിനു മുമ്പ് അസംബ്ളി തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ നിലവിലെ അസംബ്ളിയുടെ കാലാവധിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനയുടെ അന്ത:സത്തയ്ക്കു ചേർന്നതല്ല. രാജ്യസഭാംഗങ്ങളുടെ കാലാവധി ആറു വർഷമാണ്. പുതിയ നിയമസഭയെ പൂർണമായും രാജ്യസഭയിൽ പ്രതിനിധീകരിക്കാൻ ഇവർക്കവസരം ലഭിക്കും.
രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്നതിന് മൂന്നു മാസം മുമ്പ് വിജ്ഞാപനം പാടില്ലെന്നു മാത്രമാണ് ജനപ്രാതിനിധ്യ നിയമത്തിൽ പറയുന്നത്. ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള സമയപരിധി പറഞ്ഞിട്ടില്ല. .