water

കൊച്ചി: വേനലും ചൂടും കനത്തതോടെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് കുത്തനെ കുറയുന്നു. കുഴൽക്കിണറുകളിലും ജലനിരപ്പ് താഴുകയാണ്. വേനൽ കൂടുതൽ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക. കഴിഞ്ഞ വർഷം മഴ കുറഞ്ഞതാണ് ഭൂഗർഭജലം കുറയാൻ പ്രധാന കാരണമെന്നാണ് വിദഗ്‌ദ്ധർ പറയുന്നു.

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലും കിഴക്കൻ വനമേഖലകളിലും ഉൾപ്പെടെ കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നാണ് ഭൂഗർഭജല വകുപ്പ് നടത്തിയ പഠനങ്ങളിൽ വ്യക്തമായത്. ജില്ലയിൽ ജലക്ഷാമം രൂക്ഷമാകാൻ ഇത് വഴിവയ്ക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.

മഴ 26 ശതമാനം കുറഞ്ഞു

2019 ലെ വടക്കുകിഴക്കൻ മൺസൂണിൽ 626.8 മില്ലീമീറ്റർ അധികമഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു. സാധാരണ മഴ നിരക്കായ 491.6 മില്ലീമീറ്ററിനെക്കാൾ 27 ശതമാനം അധികം. 2020 ലെ വടക്കുകിഴക്കൻ മൺസൂണിൽ 365.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ മഴയെക്കാൾ 26 ശതമാനം കുറവാണിത്. 2020 ഡിസംബറിലെ നിരീക്ഷണപ്രകാരം 0.11 മുതൽ 17.63 മില്ലീമീറ്റർ വരെ ജലനിരപ്പ് താഴ്‌ന്നതായി കണ്ടെത്തി. കുഴൽക്കിണറുകളിൽ 0.18 മുതൽ 41.78 മില്ലീമീറ്റർ വരെ ജലനിരപ്പ് താഴ്ന്നു. 2019 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ 73 ശതമാനം കിണറുകളിലും 55 ശതമാനം കുഴൽക്കിണറുകളിലും ജലനിരപ്പ് താഴ്ന്നതായി പഠനത്തിൽ പറയുന്നു.

കുഴൽക്കിണറിലും കുറവ്

കിണറുകളിൽ നാലു മീറ്റർ വരെ വെള്ളം കുറഞ്ഞതായി കണ്ടെത്തി. ബഹുഭൂരിപക്ഷം കുഴൽക്കിണറുകളിലും ജലനിരപ്പ് താഴ്‌ന്നിട്ടുണ്ട്. കുളങ്ങളിലും ജലനിരപ്പ് കാര്യമായി താഴ്‌ന്നിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിരീക്ഷിച്ച 22 കുഴൽക്കിണറുകളിലും ഒരു മീറ്റർ വരെ ജലനിരപ്പ് താഴ്‌ന്നിട്ടുണ്ട്. ചെല്ലാനം, മൂവാറ്റുപുഴ ഉൾപ്പെടെ മേഖലയിലെ 38 കിണറുകളിലും ജലനിരപ്പിൽ വ്യത്യാസം കുറവ് രേഖപ്പെടുത്തി. 38 കിണറുകളിൽ 11 ൽ വർദ്ധനവും 27 ൽ കുറവുമാണ് കണ്ടെത്തിയത്. ഇതിൽ എട്ടിലും ഒരു മീറ്റർ വരെയാണ് വർദ്ധനവ്. 22 കുഴൽക്കിണറുകളിൽ എട്ടിൽ വർദ്ധനവും 14 ൽ കുറവും രേഖപ്പെടുത്തി. ഒരു മീറ്റർ വരെയാണ് പരമാവധി വർദ്ധനവ്.

കഴിഞ്ഞ പത്തു വർഷത്തിനിടെ 38 കിണറുകളിൽ 25 ൽ വർദ്ധനവും 13 ൽ കുറവും രേഖപ്പെടുത്തി. 24 കുഴൽക്കിണറുകളിൽ 7 ൽ വർദ്ധനവും 17ൽ കുറവും കണ്ടെത്തി. ഭൂഗർഭജലനിരപ്പിൽ സാരമായ കുറവ് തുടർച്ചയായി സംഭവിക്കുന്നത് വ്യക്തമാണെന്ന് അധികൃതർ പറയുന്നു.

ജലമൂറ്റലും വില്ലൻ

ഭൂഗർഭജലശേഖരത്തിന്റെ പ്രധാനസ്രോതസ് മഴയാണ്. മഴയിലുണ്ടാകുന്ന സാരമായ കുറവ് ജലശേഖരത്തെയും ബാധിക്കുന്നതായി ഭൂഗർഭജല വകുപ്പിന്റെ പുതിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ജനുവരി - ഫെബ്രുവരി, മാർച്ച് - മേയ്, ജൂൺ - സെപ്തംബർ, ഒക്ടോബർ - ഡിസംബർ കാലങ്ങളിലാണ് മഴ ലഭിക്കുന്നത്. മൺസൂൺ മാസങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. തെക്കുപടിഞ്ഞാറൽ മൺസൂണിലാണ് 65 മുതൽ 70 ശതമാനം വരെ മഴ ലഭിക്കുക. മഴയുടെ കുറവുമൂലം ഭൂമിയുടെ അടിത്തട്ടിൽ വെള്ളം ശേഖരിക്കുന്നതിൽ കാര്യമായ കുറവ് സംഭവിച്ചു. കുഴൽക്കിണറുകൾ വഴി ഭൂഗർഭജലം കൂടുതൽ ഉൗറ്റുന്നതും ജലനിരപ്പ് കുറയാൻ കാരണമായതായി പഠനത്തിൽ പറയുന്നു.