vaiga

മകളെ പുഴയിലേക്കു വലിച്ചെറിഞ്ഞ്, ആ രാത്രിയിൽ സാനു മോഹൻ അപ്രത്യക്ഷനായത് എവിടേക്ക്? വൈഗ എന്ന പതിനൊന്നുകാരിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുയർത്തുന്ന വെല്ലുവിളിക്കു പിന്നിൽ ബുദ്ധിമാനായ കൊലയാളിയുടെ സമർത്ഥമായ തിരക്കഥയാണോ? കൊല നടത്തിയത് സാനു തന്നെയോ? ദുരൂഹതകൾ ബാക്കിവയ്ക്കുന്ന കഥയിൽ, ഇതുവരെ മുഖം വെളിപ്പെടാത്ത കഥാപാത്രങ്ങൾ ആരെല്ലാം? മൂന്നാഴ്ചയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അണിയറക്കഥ തേടി...

തൃക്കാക്കര: ആ രാത്രിയിൽ സംഭവിച്ചത് എന്താണ്? നാലാംക്ളാസുകാരിയായ മകൾ വൈഗയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി, അച്ഛൻ സാനു അപ്രത്യക്ഷനാവുകയായിരുന്നോ? അതാണ് സംഭവിച്ചതെങ്കിൽ എന്തിന്? ദുരൂഹതകളുടെ ആ രാത്രിക്കു ശേഷം മൂന്നാഴ്ച പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്കു പിടികൊടുക്കാതെ സാനു ഒളവിൽ കഴിയുന്നത് എവിടെ? വാളയാർ ചെക് പോസ്റ്റിലെ സിസി ടിവി കാമറയിൽ പതിഞ്ഞ സാനുവിന്റെ വെളുത്ത ഫോക്സ്‌വാഗൺ കാർ പിന്നെ എവിടെ മറഞ്ഞു? സാനു സാമ്പത്തികമായി കബളിപ്പിച്ചതായി പറയപ്പെടുന്നവരുടെ കൈകൾ വൈഗയുടെ മരണത്തിനു പിന്നിലുണ്ടോ?

പതിനൊന്നുകാരി വൈഗയെ കളമശേരിക്കു സമീപം മഞ്ഞുമ്മലിൽ റഗുലേറ്റർ കം ബ്രിഡ്‌ജിനടുത്ത് മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിലെ ദുരൂഹതകളുടെ കുരുക്കഴിക്കാൻ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അപ്രത്യക്ഷനായ അച്ഛൻ സാനു മോഹനായി (42) ചെന്നൈ ഉൾപ്പെടെ പലേടത്തും പൊലീസ് തെരച്ചിൽ തുടരുമ്പോൾ ഓരോ ദിവസവും മുറുകുന്നത് ചോദ്യങ്ങളുടെ കുരുക്ക്!

എല്ലാം സാനു തയ്യാറാക്കിയ തിരക്കഥയെന്ന് പൊലീസ് കരുതുന്നതിന് കാരണങ്ങളുണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ 'ദൃശ്യം' എന്ന സി​നി​മയി​ൽ, പൊലീസ് അന്വേഷണത്തെ സമർത്ഥമായി നേരിടാൻ നായകൻ ജോർജുകുട്ടി​ നടത്തിയ ആസൂത്രണങ്ങൾക്കു സമമാണ് സിനിമാഭ്രാന്തനായ സാനു മോഹൻ തയ്യാറാക്കിയ പദ്ധതിയെന്നാണ് നിഗമനം. ജോർജുകുട്ടി​യെപ്പോലെ തന്നെ സി​നി​മയോട് അഭിനിവേശമുള്ളയാളാണ് സാനുവും. 2016 ൽ എൽ.ബി​.ഡബ്ളിയു എന്ന ന്യൂജനറേഷൻ സിനിമയുടെ​ നി​ർമ്മാണത്തി​ൽ സാനു പങ്കാളിയുമായി. പൂനെയിൽ സാനുവിന്റെ സുഹൃത്തായിരുന്ന തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണി​ക്കൃഷ്ണനാണ് നി​ർമാതാവ്.

ഇപ്പോൾ തി​രുവനന്തപുരത്തുള്ള ഇയാളെ കണ്ടെത്തി​ പൊലീസ് ചോദ്യം ചെയ്തെങ്കി​ലും പുതി​യ വി​വരങ്ങളൊന്നും ലഭി​ച്ചി​ല്ല. വൈഗയും അടുത്തി​ടെ ബി​ല്ലി​ എന്ന ചെറുസി​നി​മയി​ൽ അഭി​നയി​ച്ചു.

സ്വന്തം മകളെ മരണത്തി​ലേക്കു തള്ളി​വി​ട്ട്, തന്നെ പ്രണയി​ച്ച് ഒപ്പമി​റങ്ങിവന്ന ഭാര്യ രമ്യയേയും (36) ഉപേക്ഷി​ച്ച് ഒളി​വിൽ പോകേണ്ട കാര്യം സാനുവി​നുണ്ടോ എന്ന ചോദ്യം അവശേഷി​ക്കുന്നുണ്ട്. എന്തായാലും പൊലീസ് മൂന്നു സംഘമായി തി​രി​ഞ്ഞ് ചെന്നൈയി​ലും കോയമ്പത്തൂരും തി​രുവനന്തപുരത്തും പാലക്കാട്ടും അരിച്ചുപെറുക്കി​യി​ട്ടും സാനുവി​നെക്കുറി​ച്ച് വി​വരവമൊന്നുമി​ല്ല.

2016 മുതൽ കാക്കനാട് നല്ലനിലയിൽ ജീവി​ച്ചി​രുന്ന സാനുവും കുടുംബവും ഏതാനും മാസങ്ങളേ ആയുള്ളൂ സാമ്പത്തി​ക പ്രശ്നത്തി​ലായി​ട്ട്. കാരണമെന്തെന്ന് ഇതുവരെ സൂചന കി​ട്ടി​യി​ട്ടി​ല്ല. ഈ കാലയളവി​ലാണ് എറണാകുളത്തുള്ളവരുടെ പക്കൽനി​ന്ന് പണം വാങ്ങിയതും മറ്റ് ഇടപാടുകൾ നടത്തി​യതും.

മാർച്ച് 21ന് രാത്രി​ ഏഴരയ്ക്ക് ആലപ്പുഴ തൃക്കുന്നപ്പുഴയി​ൽ നി​ന്ന് മകൾ വൈഗയുമായി​ പുറപ്പെട്ട സാനു ഇടയ്ക്ക് ആരെയെങ്കി​ലും കണ്ടുവോ എന്നതി​നെക്കുറി​ച്ച് പൊലീസി​ന് ഇതുവരെ സൂചനയൊന്നും ലഭി​ച്ചി​ട്ടി​ല്ല. വൈഗയുടെ പോസ്റ്റുമോർട്ടം റി​പ്പോർട്ടി​ൽ മുങ്ങി​മരണമെന്നു വ്യക്തമാണ്. മറ്റ് പരി​ക്കുകൾ ഒന്നുമി​ല്ല. വി​ജനമായ മുട്ടാർ റഗുലേറ്റർ കം ബ്രി​ഡ്‌ജി​നു താഴേയ്ക്ക് ബോധരഹി​തയായ വൈഗയെ എറി​ഞ്ഞി​ട്ടുണ്ടാകാമെന്നാണ് നി​ഗമനം. ആരാണ് അത് ചെയ്തതെന്ന് അറി​യണമെങ്കി​ൽ സാനുമോഹൻ പറയണം. ഒമ്പതു ഷട്ടറുള്ള റഗുലേറ്ററി​ന്റെ ഒരുഷട്ടർ മാത്രമാണ് തുറന്നുകി​ടക്കുന്നത്. ഇതി​ലൂടെ മൃതദേഹം മറുഭാഗത്തെത്തി​ കരയോടു ചേർന്ന് പൊങ്ങുകയായി​രുന്നു.

കഴിഞ്ഞ 5- 6 മാസത്തിനിടെയാണ് സാനു പലരീതിയിൽ പണം കബളിപ്പിക്കൽ ഉൾപ്പടെ പല മാർഗങ്ങളിൽ ചെറിയ തുക മുതൽ ദശലക്ഷങ്ങൾ വരെ സമാഹരിക്കാൻ തുടങ്ങിയത്. മുങ്ങുന്നതിനു മുമ്പ് ആസൂത്രിതമായി ചെയ്ത ധനസമാഹരണമാകാമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

സാനിവിന്റെ

പ്രകൃതം

ചെറുപ്പംമുതൽ വിചിത്രമായ സ്വഭാവരീതികളുള്ളയാളായിരുന്നു സാനുവെന്ന സാനു മോഹൻ. പെട്ടെന്ന് ആരുമായും അടുക്കുന്ന സ്വഭാവക്കാരനല്ല. രണ്ടാംക്ളാസ് മുതൽ മുതുകുളത്തെ അമ്മാവന്റെ വീട്ടി​ൽ നി​ന്നായി​രുന്നു പഠനം. ഒറ്റയ്ക്ക് യാത്രചെയ്യാനും താമസിക്കാനും ഭയപ്പെടുകയും ചെയ്തു. വിവാഹശേഷം പൂനെയിലേക്കു പോയ സാനു അവിടെ നിന്ന് അഞ്ചു വർഷംമുമ്പ് മടങ്ങിയെത്തി, കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ താമസമാക്കിയ ശേഷവും ഒതുങ്ങിയായിരുന്നു ജീവിതം. ഫ്ളാറ്റിലെ ആദ്യതാമസക്കാരനായ സാനു അയൽവാസികളുമായെല്ലാം നല്ലബന്ധം പുലർത്തി​. ഫ്ളാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായി കഴിഞ്ഞമാസം തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ ഒന്നിന് സ്ഥാനമേൽക്കാനിരിക്കെയാണ് വൈഗയുടെ ദുരൂഹ മരണവും സാനുവിന്റെ തിരോധാനവും.

വൈഗ എന്ന

മിടുമിടുക്കി

പഠനത്തിലും കലാവേദികളിലും മിടുക്കിയായിരുന്നു വൈഗ. സിനിമയിലും അഭിനയിച്ചു. കാക്കനാടിന് സമീപം തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിനിയെക്കുറിച്ച് അദ്ധ്യാപകർക്കും സഹപാഠികൾക്കും നല്ലതേ പറയാനുള്ളൂ. നൃത്ത അരങ്ങേറ്റം ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു. സ്കൂളിലും ഡാൻസ് ക്ളാസിനും പതിവായി അമ്മ തന്നെയാണ് കൊണ്ടുവിടാറ്. ഇടയ്ക്ക് സാനുവും എത്താറുണ്ട്. ഫ്ളാറ്റിലെ കുട്ടികൾക്കിടയിലും പ്രിയപ്പെട്ടവൾ. സന്തോഷവതിയായി പാറിപ്പറന്നുനടന്ന വൈഗയുടെ ദുരന്തം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല ഇവർക്കാർക്കും.

 സിനിമയിലും വൈഗ

ഷാമോൻ നവരംഗം സംവിധാനം ചെയ്ത ചിത്രഹാർ എന്ന സിനിമയിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട് വൈഗ. സിനിമ റിലീസായിട്ടില്ല. അഞ്ച് ചെറുസിനിമകൾ ചേർന്നതാണ് ചിത്രഹാർ. ഇതിൽ ബില്ലി എന്ന സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് വൈഗ. ബില്ലിയുടെ ഡബ്ബിംഗ് പൂർത്തിയാകാനുണ്ട്. ആലുവ സ്വദേശിയാണ് സിനിമയുടെ നിർമാതാവ്.

 ദുരൂഹതകൾ നി​രവധി​

• വഴി​യിലെ ചെക്ക് പോസ്റ്റുകളി​ലെയും ടോൾ പ്ളാസകളി​ലെയും സി​സി ടിവി​ കാമറകളി​ൽ പതി​യുമെന്ന് വ്യക്തമായി​ അറി​യാവുന്ന സാനു സ്വന്തം കാറി​ൽതന്നെ സംസ്ഥാനം വി​ട്ടത് പൊലീസി​നെ വഴി​തെറ്റി​ക്കാനാകാം.

• കാണാതാകുന്നതി​ന് ആഴ്ചകൾക്കു മുമ്പേ സാനു സ്വന്തം ഫോൺ​ ഉപയോഗി​ക്കുന്നത് നിറുത്തി​. ഈ ഫോൺ​ കങ്ങരപ്പടിയിലെ മൊബൈൽ കടയി​ൽ വി​റ്റു. ഭാര്യ രമ്യയുടെ ഫോണാണ് പി​ന്നെ ഉപയോഗി​ച്ചി​രുന്നത്.

• രമ്യയുടെ സ്വർണാഭരണങ്ങൾ 11.47 ലക്ഷം രൂപയ്ക്ക് കാക്കനാട്ടെ ഫി​നാൻസ് സ്ഥാപനങ്ങളിൽ പണയംവച്ചു.

• രമ്യയുടെ പേരി​ലുള്ള ഫ്ളാറ്റ് അവർ അറി​യാതെ പത്തുലക്ഷം രൂപയ്ക്ക് പണയംവച്ചു. ഇന്റീരി​യർ കരാർ ഏൽപ്പി​ച്ചയാളി​ൽ നിന്നാണ് പണം വാങ്ങി​യത്. ഈ ഇടപാട് സംശയാസ്പദം.

• രമ്യയെ തൃക്കുന്നപ്പുഴയിലെ സാനുവി​ന്റെ അമ്മാവന്റെ മകന്റെ വീട്ടി​ലാക്കി​, കായംകുളത്തെ അമ്മാവന്റെ വീട്ടി​ലേക്കെന്നു പറഞ്ഞ് മകളുമായി​ കാക്കനാട്ടേയ്ക്ക് മടക്കം.

• ഫ്ളാറ്റി​ലെത്തി​യ ശേഷം ഉടനെ മടങ്ങുമ്പോൾ വൈഗയെ തുണി​കൊണ്ട് പുതപ്പി​ച്ച് തോളി​ൽ കി​ടത്തി​യാണ് കാറി​ലേക്ക് കൊണ്ടുവന്നത്.

• മൃതദേഹം കണ്ടെത്തി​യ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രി​ഡ്ജി​ലേക്ക് സാനുവി​ന് വരേണ്ട ഒരു കാര്യവുമി​ല്ല. പതി​വ് യാത്രാവഴി​യല്ല വി​ജനമായ ഇവി​ടം.

• റഗുലേറ്റർ കം ബ്രി​ഡ്ജി​ന് സമീപത്താണ് നഗരത്തി​ലെ ക്രി​മി​നലുകളുടെയും മയക്കുമരുന്ന് ഇടപാടുകാരുടെയും കേന്ദ്രങ്ങളി​ലൊന്നായ കളമശേരി​ ഗ്ളാസ് ഫാക്ടറി​ കോളനി​.

• ഫ്ളാറ്റി​ലെ കി​ടപ്പുമുറി​യി​ൽ കണ്ടെത്തി​യ രക്തപ്പാടുകൾ. ഇവ വൈഗയുടേതല്ലെന്നാണ് രാസപരി​ശോധനാഫലം. ഡി.എൻ.എ പരി​ശോധനാഫലം പൊലീസ് പുറത്തുവിട്ടിട്ടി​ല്ല.

സംഭവിച്ചത്

എന്താകാം?

• പൂനെയി​ൽ തുടങ്ങി​ കൊച്ചി​യി​ൽ വരെ സാനു സാമ്പത്തി​കമായി​ കബളിപ്പിച്ചവർ നിരവധിയുണ്ട്. ഇവരുടെ പ്രതി​കാരം. സാനുവി​നെ തട്ടി​ക്കൊണ്ടുപോകാം. മകളെ ഇല്ലാതാക്കാം.

• കേസുകളി​ലും ബാദ്ധ്യതകളി​ൽ നി​ന്നും ഒഴി​വാകാനുള്ള തി​രോധാനം.

• ഫ്ളാറ്റി​ൽനി​ന്ന് സാനു വൈഗയെ തോളി​ൽ കിടത്തിയാണ് കാറി​ൽ കൊണ്ടുവന്ന് ഇരുത്തി​യത്. മയങ്ങി​യ നി​ലയി​ലെന്ന് സംശയം. ഈ അവസ്ഥയി​ൽത്തന്നെ വൈഗയെ മുട്ടാർ പുഴയി​ലേക്കു തള്ളി​.

• പുതി​യ പേരി​ൽ, വി​ലാസത്തി​ൽ ഇനി​ മറ്റൊരു രാജ്യത്തോ സംസ്ഥാനത്തോ സ്വസ്ഥജീവിതം ലക്ഷ്യം. പാസ്പോർട്ടോ മറ്റ് തി​രി​ച്ചറി​യൽ രേഖകളോ കൊണ്ടുപോകാത്തതും സംശയകരം.

• വൈഗയും ഭാര്യ രമ്യയും ഉപയോഗി​ച്ചി​രുന്ന മൂന്ന് മൊബൈൽ സിംകാർഡുകൾ സാനുവി​ന്റെ പക്കൽ.

• കോയമ്പത്തൂരി​ൽ വരെയാണ് സാനുവി​ന്റെ കാർ കാമറയി​ൽപ്പെട്ടത്. കാർ ഇവി​ടെ പൊളിക്കലുകാർക്ക് വി​റ്റി​ട്ടാകാം സ്ഥലംവി​ട്ടി​രി​ക്കുക.

• വ്യാജ പാസ്പോർട്ടും രേഖകളും ഉപയോഗി​ച്ച് രാജ്യംവി​ട്ടി​രി​ക്കാം. റോഡുമാർഗം എളുപ്പം നേപ്പാളി​ലേക്ക് കടക്കാനും സാധി​ക്കും.


അന്വേഷണത്തി​ലെ

കടമ്പകൾ

• ക്രെഡി​റ്റ്, ഡെബി​റ്റ് കാർഡുകളും എ.ടി​.എമ്മും ഉപയോഗി​ക്കുന്നി​ല്ല. കൈയി​ൽ ആവശ്യത്തിന് പണമുണ്ടാകും.

• മൂന്ന് സി​മ്മുകൾ പക്കലുണ്ട്. ഇവ ഇടയ്ക്ക് ആക്ടീവ് ആകുന്നത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായേക്കാം.

• സുഹൃത്തുക്കൾ കുറവ്. ബന്ധുക്കളുമായി​ അടുപ്പമി​ല്ല. തി​രോധാനത്തി​നു ശേഷം ആരുമായും ബന്ധപ്പെട്ടതായി​ വി​വരമി​ല്ല.

• കാർ കണ്ടെത്താൻ കഴി​ഞ്ഞി​ട്ടി​ല്ല

• പൂനെയി​ലെ സാനുവി​ന്റെ പ്രവർത്തനങ്ങളുടെ പൂർണ വി​വരങ്ങൾ ലഭ്യമായി​ട്ടി​ല്ല.

• രമ്യയ്ക്കു പോലും ഭർത്താവി​ന്റെ ഇടപാടുകളെക്കുറി​ച്ച് ധാരണയി​ല്ല. അല്ലെങ്കി​ൽ വെളിപ്പെടുത്തുന്നി​ല്ല.

• ജീവനെപ്പോലെ സ്നേഹിച്ച മകളെ സാനു കൊലപ്പെടുത്തിയെങ്കിൽ അതി​നുള്ള കാരണം അജ്ഞാതം.

അന്വേഷകർ

ആരെല്ലാം?

കൊച്ചി​ സി​റ്റി​ പൊലീസാണ് വൈഗ കേസ് അന്വേഷി​ക്കുന്നത്. ഡെപ്യൂട്ടി​ പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി​.പി​ കെ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നി​വർക്കാണ് നേതൃത്വം. മൂന്ന് പ്രത്യേക ടീമുകൾ കേസി​നു പിന്നാലെ തന്നെയുണ്ട്.

തി​രഞ്ഞെടുപ്പി​നു മുന്നോടി​യായി​ നടന്ന പൊലീസി​ലെ സ്ഥലംമാറ്റവും തി​രഞ്ഞെടുപ്പും അന്വേഷണത്തെ ബാധി​ച്ചു. മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഒരു മാസം മുമ്പു മാത്രം ഇവി​ടെ ചുമതലയേറ്റവരാണ്. എ.സി.പിയും സി.ഐയും തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ മാറിപ്പോവുകയും ചെയ്യും.

കഥ ഇതുവരെ

ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം തൃക്കുന്നപ്പുഴ സ്വദേശി​കളാണ് സാനു മോഹനും ഭാര്യ രമ്യയും. നല്ല സാമ്പത്തിക ചുറ്റുപാടുകളുണ്ടായി​രുന്ന കിഴക്കേക്കര വടക്ക് വലിയപറമ്പ് കൈതക്കാട്ടിൽ തറവാട്ടിൽ മോഹനന്റെയും സരളയുടെയും രണ്ടാമത്തെ മകനാണ് സാനു. ഇലക്ട്രി​ക്കൽ ഐ.ടി​.ഐയാണ് വി​ദ്യാഭ്യാസ യോഗ്യത. സാനുവിന്റെ ബന്ധുക്കൾ നിരവധി പേർ പൂനെയിലാണ്. ജ്യേഷ്ഠൻ സി​നുവും കുടുംബസമേതം അവി​ടെയുണ്ട്.

സാനുവിന്റെ വീടിനടുത്തു തന്നെയുള്ള തെക്കേച്ചി​റയി​ൽ ബ്രൈറ്റ് രാജുവിന്റെയും രോഹിണി​യുടെയും മകൾ രമ്യയെ സാനു പ്രണയിച്ചാണ് 2009 മേയ് പത്തി​ന് വിവാഹം കഴിച്ചത്. ബി​.എ ബി​രുദധാരി​യായ രമ്യയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ ബന്ധത്തെ വീട്ടുകാർ എതിർത്തു. എങ്കിലും സാനുവിന്റെ പിടിവാശിക്കു മുന്നിൽ വഴങ്ങുകയായിരുന്നു. പ്രത്യേകി​ച്ച് ജോലി​യൊന്നും ഇല്ലാതി​രുന്ന സാനു വിവാഹശേഷം രമ്യയുമായി​ പൂനെയി​ലേക്ക് പോയി​.

ബ്രൈറ്റ് രാജുവി​ന്റെ മൂത്തമകളാണ് രമ്യ. ഇളയമകൾ രേഖയും ഭർത്താവ് പ്രവീണും ആലപ്പുഴയി​ലാണ് താമസം. ഇവരുമായി​ മാത്രമാണ് രമ്യയും സാനുവും ബന്ധം പുലർത്തി​യി​രുന്നത്. തൃക്കുന്നപ്പുഴയി​ൽ ബ്രൈറ്റ് എന്ന ഹോട്ടൽ നടത്തി​യി​രുന്നതി​നാലാണ് രാജുവി​ന് ബ്രൈറ്റ് രാജുവെന്ന പേരുവന്നത്.

പൂനെയി​ൽ ശ്രീസായ് മെറ്റൽസ് എന്ന പേരി​ൽ ലെയ്ത്ത് ബി​സി​നസി​ലായി​രുന്നു സാനു. നിരവധി​ പേരി​ൽനി​ന്ന് പണം കടംവാങ്ങി​യി​ട്ടുണ്ട്. പലർക്കും വണ്ടി​ച്ചെക്കുകളും നൽകി​. ചിട്ടിയി​ൽ ചേർന്ന് 16 ലക്ഷംരൂപ വി​ളി​ച്ചെടുത്ത കേസി​ൽ അറസ്റ്റ് വാറണ്ടുണ്ട്. 2016ൽ ഈ കേസി​ൽ പൂനെ പൊലീസ് തൃക്കുന്നപ്പുഴയി​ലെത്തി​യി​രുന്നു. 2016 ൽ വീട്ടുപകരണങ്ങൾ പോലും ഉപേക്ഷി​ച്ച് സാനുവും കുടുംബവും കേരളത്തി​ലേക്ക് മുങ്ങി​. ഈ കാലയളവി​ൽ അമ്മയുടെ അക്കൗണ്ടി​ലേക്ക് ഒരുലക്ഷം രൂപ അയയ്ക്കുകയും ചെയ്തു.

ആറുമാസം മുമ്പുവരെ തൃക്കുന്നപ്പുഴയി​ലെ ആരുമായും ബന്ധപ്പെട്ടി​ട്ടി​ല്ല. പി​താവ് മോഹനൻ മരി​ച്ചപ്പോൾപോലും എത്തി​യി​ല്ല. ഇതുവരെ അമ്മയെ കാണാനും പോയിട്ടി​ല്ല. നാട്ടി​ൽ അടുപ്പമുള്ളവർ ഇല്ലെന്നുതന്നെ പറയാം. വളരെക്കുറച്ച് സൗഹൃദങ്ങൾ മാത്രമെ സാനു നിലനിറുത്തിയിരുന്നുള്ളൂ. പൂനെയി​ൽ നി​ന്നെത്തി​ നേരെ തൃക്കാക്കരയി​ലെ ഉൾപ്രദേശമായ കങ്ങരപ്പടി​യി​ലെ ഫ്ളാറ്റ് വാങ്ങി​ താമസം തുടങ്ങി​. ഇന്റീരി​യർ വർക്കുകൾ ചെയ്യുന്ന ബി​സി​നസി​ലും ഏർപ്പെട്ടു.

സാനുവി​ന്റെ

തട്ടി​പ്പുകൾ

• 2016ൽ പൂനെയി​ലെ ചി​ട്ടി​ത്തട്ടി​പ്പ് : 20ലക്ഷം രൂപയുടെ ചി​ട്ടി​ചേർന്നശേഷം 16 ലക്ഷം രൂപയ്ക്ക് വി​ളി​ച്ചെടുത്ത് കുടി​ശി​കയാക്കി​.

• പൂനെയി​ലെ പരി​ചയക്കാരി​ൽനി​ന്ന് ചെറുതും വലുതുമായ തുകകൾ കടംവാങ്ങി​ മടക്കി​ നൽകി​യി​ട്ടി​ല്ല

• 2019 - 2020 ൽ കാക്കനാട്ടെ വി​വി​ധ വീടുകളി​ലെ ഇന്റീരി​യർ ഡി​സൈൻ ജോലി​കൾ ഏറ്റെടുത്ത് പണം വാങ്ങി​യശേഷം പണി​ നി​ർവഹി​ച്ചി​ട്ടി​ല്ല. ഇതുസംബന്ധി​ച്ച് തൃക്കാക്കര സ്റ്റേഷനി​ൽ നാല് പരാതി​കളുണ്ട്. സാനുവി​ന്റെ ഫ്ളാറ്റി​ലെ താമസക്കാരി​ൽ ചി​ലരും തട്ടി​പ്പി​നി​രയായി​.

• ഫ്ളാറ്റി​ലുള്ളവരി​ലും പുറത്തുള്ളവരി​ൽനി​ന്നും വലുതും ചെറുതുമായ തുകകൾ കടംവാങ്ങി​യി​ട്ടുണ്ട്. പലചരക്ക്, പച്ചക്കറി​ കടകളി​ൽ വരെ കുടി​ശി​ക.

• രമ്യയുടെ പേരി​ലുള്ള ഫ്ളാറ്റ് രമ്യയറി​യാതെ പണയം വച്ചി​ട്ടുണ്ടെങ്കി​ൽ അതി​നായി​ വ്യാജരേഖകൾ നി​ർമ്മി​ച്ചി​ട്ടുണ്ടാകാം.

• എറണാകുളം നഗരത്തി​ലെ പ്രമുഖ ഹോം അപ്ളയൻസസ് സ്ഥാപനത്തി​ൽ നി​ന്ന് 1.30 ലക്ഷം രൂപയുടെ സാധനങ്ങൾ ഇന്റീരി​യർ കരാറെടുത്ത വീട്ടി​ലേക്ക് വാങ്ങി​ പണം നൽകാതെ കബളി​പ്പി​ച്ചു.

രമ്യയെയും

പറ്റി​ച്ചു

കൊവി​ഡ് ലോക്ക്ഡൗൺ​ കാലത്ത് രമ്യയെയും വൈഗയെയും സാനു കുറച്ചുദി​വസം രമ്യയുടെ വീട്ടി​ൽ കൊണ്ടാക്കി​യി​രുന്നു. ഈ സമയത്താണ് രമ്യയുടെ 40 പവൻ ആഭരണങ്ങൾ ബെഡ്റൂമി​ലെ മേശ പൊളി​ച്ചെടുത്ത് സാനു പണയംവച്ചത്. രമ്യ ഇക്കാര്യം മനസി​ലാക്കി​ ചോദി​ച്ചപ്പോൾ ഈ ഫെബ്രുവരി​യി​ൽ തി​രി​കെ എടുത്തുനൽകുമെന്നും പറഞ്ഞു. പക്ഷേ അതു നടന്നി​ല്ല. രമ്യയുടെ പേരിലുള്ള ഫ്ളാറ്റ് പത്തുലക്ഷം രൂപയ്ക്ക് പണയംവച്ചതും രമ്യ അറി​യാതെയാണ്.

രണ്ടുവർഷം മുമ്പ് പൂനെയി​ലെ ഒരു ഫ്ളാറ്റി​ന് 35 ലക്ഷം രൂപ അഡ്വാൻസ് നൽകി​യെന്ന് സാനു പറഞ്ഞി​രുന്നു. പി​ന്നീട് രമ്യയെയും മകളെയും കൂട്ടി​ ആരുമറിയാതെ പൂനെയി​ൽ പോയി​ ഇത് റദ്ദാക്കി. എന്നാൽ അഡ്വാൻസ് നൽകി​യത് ഒമ്പതുലക്ഷം രൂപയാണെന്നും തി​രി​കെ കി​ട്ടി​യത് അഞ്ചു ലക്ഷമാണെന്നും പൊലീസ് പി​ന്നീട് കണ്ടെത്തി​.

പതിമൂന്നില്ല,

പതിനൊന്ന്

തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുന്ന വൈഗയുടെ ജനനത്തീയതി 2010 ഒക്ടോബറിലാണ്. പക്ഷേ പ്രചരിക്കുന്ന വയസ് 13 എന്നാണ്. രമ്യയുടെ സഹോദരി ഭർത്താവ് പ്രവീൺ തൃക്കാക്കര പൊലീസിൽ നൽകിയ പരാതിയിൽ ഇങ്ങനെ രേഖപ്പെടുത്തിയതാണ് ഇതിന് കാരണം.

സാനുവിന്റെ പണം

പോയതെങ്ങനെ?

സാനു മോഹന്റെ സാമ്പത്തി​ക പ്രതി​സന്ധി​ക്കു പി​ന്നി​ൽ ചൂതാട്ട ഭ്രമമാണെന്ന് സംശയമുയർന്നി​ട്ടുണ്ട്. വലി​യ തോതി​ൽ ലോട്ടറി​ ടി​ക്കറ്റുകൾ വാങ്ങുന്ന സ്വഭാവും ഇയാൾക്കുണ്ടായി​രുന്നു. ഓൺ​ലൈൻ ചൂതാട്ടത്തി​ലും പങ്കെടുത്തതായി​ സൂചനയുണ്ട്. ഗോവയി​ലെ കസിനോകളി​ൽ ചൂതാട്ടത്തി​നു പോകുന്ന കാര്യം സുഹൃത്തുക്കളുമായി​ സംസാരിക്കുകയും ചെയ്തി​രുന്നത്രെ.

ദുരൂഹതകളുടെ

ആ രാത്രി

 മാർച്ച് 21 രാത്രി 7.30

തൃക്കുന്നപ്പുഴയി​ലെ സാനുവി​ന്റെ അമ്മാവന്റെ മകൻ ഉമേഷി​ന്റെ വീട്ടി​ൽ രമ്യയെവിട്ടശേഷം​ സാനു വൈഗയുമായി​ യാത്ര പുറപ്പെടുന്നു.

 രാത്രി 9.30

വൈഗയുമായി​ സാനു കങ്ങരപ്പടി​യി​ലെ ഫ്ളാറ്റി​ലെത്തുന്നു.

 രാത്രി 10

മയങ്ങി​ക്കി​ടക്കുന്ന അവസ്ഥയി​ൽ വൈഗയെ ചെറി​യ ഷീറ്റി​ൽ പുതപ്പി​ച്ച് തോളി​ൽ എടുത്തുകൊണ്ടുവന്ന് സാനു കാറി​ൽ ഇരുത്തുന്നു.

 മാർച്ച് 22 പുലർച്ചെ 1.46

വാളയാർ ടോൾ പ്ളാസയിലൂടെ സാനു കാർ ഡ്രൈവ് ചെയ്ത് കടന്നുപോകുന്നു.

 മാർച്ച് 22 രാവി​ലെ 10.30

വൈഗയുടെ മൃതദേഹം മഞ്ഞുമ്മൽ മുട്ടാർ റഗുലേറ്റർ കം ബ്രി​ഡ്ജി​നു സമീപം കണ്ടെത്തുന്നു.

പിടിതരാത്ത

സംശയങ്ങൾ

സാനു വൈഗയുമായി ഫ്ളാറ്റിൽ നിന്ന് കാറിൽ അസാധാരണമായ വേഗത്തിൽ ഇറങ്ങിപ്പോയത് 21നു രാത്രി 10 മണിക്കാണ്. പിറ്റേന്നു പുലർച്ചെ 1.46 ന് വാളയാർ ടോൾ പ്ളാസ കടന്നു.

ഇതിനിടെ വൈഗയെ ഒഴിവാക്കുകയും ചെയ്തു. ടോൾ പ്ളാസ കഴിഞ്ഞാൽ നാലു കിലോമീറ്റർ കൂടി കഴിഞ്ഞാണ് ചെക്ക് പോസ്റ്റ്. കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇവിടെ ഹാജരാക്കണം. എറണാകുളം മുതൽ വാളയാർ വരെ ഒരു കാമറയിലും സാനുവിന്റെ കാർ പതിഞ്ഞിട്ടില്ല. പ്രധാന റോഡുകൾ ഒഴിവാക്കിയാകും സഞ്ചരിച്ചിരിക്കുക. നല്ല വേഗതയിൽ പോയാലും 1.46ന് ടോൾ പ്ളാസയിലെത്തുക അത്ര എളുപ്പമല്ല. ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് ഈ സമയ സൂചനകൾ.