vaccine

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണത്തിൽ എറണാകുളം ദിനം പ്രതി ഒന്നാം സ്ഥാനം നിലനിർത്തുന്നതിനിടെ വാക്സിൻ വിതരണം ഉൗർജിതമാക്കാനുള്ള നീക്കവുമായി ആരോഗ്യവകുപ്പ്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ 45 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും കൊവിഡ് വാക്‌സിനേഷൻ നൽകുകയാണ് ലക്ഷ്യം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ്തലങ്ങളിൽ അതാതു പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച് ക്യാമ്പുകൾ നടത്തും. സന്നദ്ധ സംഘടനകൾക്കും ക്യാമ്പുകൾ നടത്താൻ അനുമതിയുണ്ട്.

ജില്ലയിൽ 45 വയസിന് മുകളിൽ ഏഴു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്. ഇവരിൽ മൂന്നു ലക്ഷം പേരെങ്കിലും പല കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ സാദ്ധ്യതയില്ലെന്ന് അധികൃതർ പറയുന്നു. അവശേഷിക്കുന്നവർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യം.

കൂടുതൽ വാക്സിനെത്തും

നിലവിൽ ജില്ലയിൽ ആവശ്യത്തിന് വാക്സിൻ സ്റ്റോക്കുണ്ട്. 15 ന് 1,80000 ഡോസ് കൂടിയെത്തുമെന്ന് കൊവിഡ് വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ.എ.ജി.ശിവദാസ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷന് 250 രൂപയാണ് ചാർജ്. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമാണ്. ആധാർ കാർഡുമായി എത്തിയാൽ 45 വയസിന് മുകളിലുള്ള ആർക്കും വാക്‌സിൻ സ്വീകരിക്കാം.

റെക്കാഡ് നേട്ടവുമായി ജില്ല

ഒരു ദിവസം 30000 പേർക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. കൊവിഡ് 19 വാക്‌സിനേഷൻ ഫോർട്ട്‌നൈറ്റിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച ഏറ്റവും കൂടുതൽ പേർക്ക് കുത്തിവയ്‌പ്പെടുത്ത് ജില്ല റെക്കാഡിട്ടു. 175 കേന്ദ്രങ്ങളിലായി 25438 പേർക്കാണ് വാക്‌സിൻ നൽകിയത്. ഒറ്റ ദിവസത്തിൽതന്നെ 25000ത്തിലധികം പേർക്ക് വാക്‌സിൻ നൽകുന്ന ആദ്യ ജില്ലയാണ് എറണാകുളം. 106 സർക്കാർ കേന്ദ്രങ്ങളിലും 69 സ്വകാര്യ കേന്ദ്രങ്ങളിലുമായാണ് വാക്‌സിനേഷൻ നടന്നത്.

ഇതുവരെ ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചത് 510201 പേർ

ആദ്യ ഡോസ് സ്വീകരിച്ചവർ 440691 പേർ

രണ്ടാം ഡോസ് സ്വീകരിച്ചവർ 69510 പേർ

ഇന്നലെ 607 രോഗികൾ

കൊച്ചി: ആശങ്ക വർദ്ധിപ്പിച്ച് ജില്ലയിൽ ഇന്നലെ 607 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ആകെ രോഗബാധിതർ 4,371 പേരായി. 126 പേർ ഇന്നലെ രോഗമുക്തി നേടി. വ്യാഴാഴ്ച 654 പേർക്കായിരുന്ന രോഗബാധ.

ഇന്നലെ 1,847 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 581 പേരെ നിരീക്ഷണത്തി നിന്ന് ഒഴിവാക്കി. വീടുകളിൽ 17,037 പേർ നിരീക്ഷണത്തിലാണ്. 70 പേരെ ആശുപത്രിയികളിലും എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിച്ചു. 39 പേരെ ഡിസ്ചാർജ് ചെയ്തു.

പുറത്ത് നിന്നെത്തിയവർ 21

സമ്പർക്കം 578

ഉറവിടമറിയാത്തവർ 6

ആരോഗ്യ പ്രവർത്തകർ 2

പ്രധാന രോഗമേഖലകൾ

തൃക്കാക്കര 32
തൃപ്പൂണിത്തുറ 30
കളമശേരി 25
കുമ്പളം 20
മുളവുകാട് 18
കീ‌ഴ്‌മാട് 17
പള്ളുരുത്തി 17
മരട് 15
പെരുമ്പാവൂർ 13
കോട്ടുവള്ളി 10
ചൂർണിക്കര 10
ചോറ്റാനിക്കര 10
വാഴക്കുളം 10

ചികിത്സയിൽ

മെഡിക്കൽ കോളേജ് 34
പി.വി.എസ് 23
ജി.എച്ച് മൂവാറ്റുപുഴ 14
ഡി.എച്ച്. ആലുവ 8
പള്ളുരുത്തി താലൂക്ക് ആശുപത്രി 17
സഞ്ജീവനി 29
സിയാൽ 52
സ്വകാര്യ ആശുപത്രികൾ 306
എഫ്.എൽ.ടി.സികൾ 44
എസ്.എൽ.ടി.സി കൾ 157
വീടുകൾ 3080