മൂവാറ്റുപുഴ: മഴയിലും കനത്ത കാറ്റിലും നാശം വിതച്ച ആയവന പഞ്ചായത്തിൽ ദുരിതമനുഭവിക്കുന്ന മൂന്ന് കുടുംബങ്ങളുടെ വീടുകളുടെ പുന:ർനിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് നിയമസഭ സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻപറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ സന്ദർശിച്ചു.
ഏറ്റെടുക്കുന്ന വീടുകൾക്ക് സഹായിക്കാൻ കഴിയാവുന്നവരുടെ സഹായം സ്വീകരിച്ചും സഹകരിപ്പിക്കാൻ കഴിയുന്നവരെ സഹായിച്ചും കുറവു വരുന്ന തുക നികത്തിയും നിർമാണം പൂർത്തിയാക്കുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് വേനൽ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ കാറ്റിൽ ആയവന പഞ്ചായത്തിൽ വൻ നാശ നഷ്ടമാണുണ്ടായത്. മഴയിലും കാറ്റിലും മരങ്ങൾ വീണ് 13ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ 9 വീടുകളുടെ മേൽക്കൂരകളിൽ മരം വീണ് വൻ നശിച്ചു. 3 വീടുകളുടെ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നു പോയി. ഒന്നാം വാർഡിലെ പുന്നമറ്റത്ത് മാർക്കരയിൽ വീട്ടിൽ മേരി ഏലിയാസിന്റെ വീടാണ് പൂർണമായി തകർന്നത്. അഞ്ചു വർഷത്തിന് മുമ്പ് ഭർത്താവ് മരിച്ചതോടെ മകളെയും സുഖമില്ലാത്ത ഭർതൃസഹോദരിയേയും പോറ്റാനായി ആക്രികടയിൽ ദിവസ വേതനത്തിന് ജോലിനോക്കുകയാണ് മേരി. രണ്ടാം വാർഡിലെ കടുംപിടിയിൽ കുന്നുംഭാഗത്ത് അമ്മിണി കുഞ്ഞപ്പന്റെ വീടും തകർന്നു. വിധവയായ മകളുമൊത്ത് തൊഴിലുറപ്പിനു പോയാണ് അമ്മിണി ജീവിക്കുന്നത്. ഈ വീടും പുന:ർനിർമ്മാണം നടത്തും. 14-ാം വാർഡിലെ തോട്ടഞ്ചേരി തൂക്കുപാലം കോളനിയിലെ മൂഴിക്കതണ്ടേൽ രാജന്റെ വീടും ഉപജീവന മാർഗമായിരുന്ന കടയും പൂർണമായി തകർന്നിരുന്നു. മൂന്നു വീടുകളുടേയും നിർമാണം ഉടൻ ആരംഭിക്കുമെന്നും ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഒന്നാംവാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് അജീഷും, രണ്ടിൽ പഞ്ചായത്ത് അംഗം ജയിംസുകുട്ടിയും പതിനാലിൽ മുൻ പഞ്ചായത്ത് അംഗം വിൻസന്റ് ജോസഫും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.