കൊച്ചി: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരു വർഷമായി അടച്ചിട്ട എറണാകുളം സുഭാഷ്‌പാർക്ക് തിങ്കളാഴ്ച വീണ്ടും തുറക്കുന്നു. കായൽ കാറ്റുകൊള്ളാനും വിശ്രമിക്കാനും സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കാനുമുള്ള ശാന്തമായ പൊതുസ്ഥലം മാത്രമല്ല നഗരത്തിലെ പ്രധാന വിനോദകേന്ദ്രവും കുട്ടികളുടെ കളിയിടവുമാണ് സുഭാഷ് പാർക്ക്.
കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവുവരുത്തിയതു മുതൽ പാർക്ക് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പലതവണ ഇതിനായി ശ്രമിച്ചിരുന്നെങ്കിലും കൊവിഡ് വർദ്ധിച്ചതോടെ ആ ശ്രമം അധികൃതർ ഉപേക്ഷിച്ചു. അതിനിടെ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട കേബിൾ ജോലികൾക്കായി കുഴികൾ കുഴിച്ചതും പാർക്ക് തുറക്കൽ വൈകിപ്പിച്ചു. ചിൽഡ്രൻസ് പാർക്ക് നവീകരണം നീണ്ടുപോകുന്ന സാഹചര്യത്തിൽ സുഭാഷ് പാർക്ക് തുറക്കുന്നതു ജനങ്ങൾക്ക് ആശ്വാസമാകും.
പൂക്കളുടെയും പൂമ്പാറ്റകളുടെയും ലോകം കാണാം
തിങ്കളാഴ്ച വൈകിട്ട് 6മുതൽ പൊതുജനങ്ങൾക്ക് പാർക്കിലേക്ക് പ്രവേശനം നൽകും. പാർക്കിൽ പുതിയതായി തയ്യാറാക്കിയ ചിത്രശലഭ ഉദ്യാനവും ഔഷധസസ്യ ഉദ്യാനവും അന്ന് തുറക്കും. പൂമ്പാറ്റകളെയാകർഷിക്കുന്ന പൂന്തോട്ടം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിന്റെ പ്രകൃതിഭംഗി നിലനിർത്തിയാണു ചിത്രശലഭോദ്യാനം നിർമ്മിച്ചിരിക്കുന്നത്. അടച്ചിട്ടകാലത്തും പാർക്കിന്റെ പരിപാലനത്തിൽ വീഴ്ച വരുത്തിയില്ല.
മേയർ അഡ്വ.എം.അനിൽകുമാർ
കലാപരിപാടികൾക്ക് വേദിയാകും
ഉദ്ഘാടനത്തോടനുബന്ധിച്ച് ആസ്‌കിന്റെ (ആർട്ട് സ്പേസ് കൊച്ചി) നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സൗമ്യ സതീഷ് ഭരതനാട്യം അവതരിപ്പിക്കും. ആസ്‌ക് പരിപാടികളുടെ സുഭാഷ് പാർക്കിലുള്ള തുടക്കം കൂടിയാണിത്.
കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പാർക്കിന്റെ പ്രവർത്തനം. കൂട്ടംകൂടാനോ കൊവിഡ് നിയമലംഘനം നടത്താനോ അനുവദിക്കില്ല. പെയിന്റിംഗ് നടത്തി പാർക്കിന്റെ മോടികൂട്ടിയിട്ടുണ്ട്. ഉപയോഗിക്കാതെ നശിച്ച കളിപ്പാട്ടങ്ങൾ അറ്റകുറ്റപ്പണിനടത്തി. 13 മുതൽ പാർക്കിന്റെ പ്രവർത്തനസമയം വൈകിട്ടു മൂന്നുമുതൽ എട്ടുവരെയായിരിക്കും.
ഞായാറാഴ്ചകളിലും ഉത്സവദിവസങ്ങളിലും രാവിലെ 11മുതൽ രാത്രി 8വരെ പാർക്കിൽ പ്രവേശനമുണ്ടാകും.